
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പിയെ എസ് ഐ ടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് ഹെഡ്ക്വോർട്ടേഴ്സിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി ചോദ്യം ചെയ്യുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്.
അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണ്ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഷണ സ്വർണം കൈമാറ്റം ചെയ്തതിൽ എംപിക്ക് അറിവുണ്ടായിരുന്നുവോ എന്നതിലാണ് ഇപ്പോൾ വ്യക്തത തേടുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ പോറ്റി ശബരിമലയിൽ സ്പോൺസർ ചെയ്ത അന്നദാനവും സദ്യയും ഉദ്ഘാടനം ചെയ്തതും അടൂർ പ്രകാശാണ്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ രാഘവനാണ് 2018 ജനുവരിയിലെ അന്നദാനം ഉദ്ഘാടനം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്തതിന്റെ മറവിൽ ഭക്തരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നു എന്ന് ദേവസ്വം വിജിലൻസ് തന്നെ കണ്ടെത്തിയിരുന്നു.