• Mon. Oct 20th, 2025

24×7 Live News

Apdin News

ശബരിമല സ്വർണക്കൊള്ള; അനന്തസുബ്രഹ്മണ്യം എസ് ഐ ടിയുടെ മുന്നിൽ, 2019ൽ സ്വർണപാളികൾ സന്നിധാനത്ത് നിന്നും കടത്തിയത് ഇയാൾ

Byadmin

Oct 20, 2025



തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അനന്തസുബ്രഹ്മണ്യത്തെ ഇന്നു രാവിലെയാണ് ബംഗളുരുവില്‍ നിന്നും തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ഇയാളായിരുന്നു 2019ൽ സ്വർണപാളികൾ സന്നിധാനത്ത് നിന്നും കൊണ്ടുപോയത്. പാളികൾ ഇയാൾ ഹൈദരാബാദിലെ നാഗേഷിന് കൈമാറുകയായിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗളുരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്. അനന്ത സുബ്രഹ്മണ്യത്തെ ആദ്യം ഒറ്റയ്‌ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി ചോദ്യം ചെയ്യുന്നു.

നേരത്തെ ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

By admin