• Wed. Mar 4th, 2026

24×7 Live News

Apdin News

ശബരിമല സ്വർണക്കൊള്ള; എട്ടാം പ്രതി പത്മകുമാറും ജയിലിന് പുറത്തേയ്‌ക്ക്, ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യം അനുവദിച്ച് കോടതി

Byadmin

Mar 4, 2026



കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറും പുറത്തേയ്‌ക്ക്. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി.  90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്.

അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തേ പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റി അടക്കം 5 പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. 2025 നവംബറിലാണ് സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വരഹിതമാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താൻ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്. അതിലേക്ക് തന്നെ വലിച്ചിഴക്കരുത്. അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങൾ താൻ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.

By admin