• Thu. Jan 8th, 2026

24×7 Live News

Apdin News

ശബരിമല സ്വർണക്കൊള്ള: കേസ് രജിസ്റ്റർചെയ്യാൻ ഇ.ഡിക്ക് കേന്ദ്രാനുമതി , അന്വേഷണം ഉടൻ ആരംഭിക്കും

Byadmin

Jan 7, 2026



കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്റ്റർചെയ്യാൻ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിന് കേന്ദ്രാനുമതി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചശേഷം ഇ.ഡി. കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ഫയൽചെയ്ത് അന്വേഷണം തുടങ്ങും.

പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലാവും ആദ്യ നടപടി. കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി ചോദ്യംചെയ്ത എല്ലാവരിൽനിന്നും ഇ.ഡി.യും മൊഴിയെടുക്കും.

ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചന ലഭിച്ചതോടെ ഒക്ടോബറിൽത്തന്നെ ഇ.ഡി. പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. തുടർന്ന് കേസ്‌രേഖകൾക്കായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പ്രത്യേക അന്വേഷണസംഘം എതിർത്തു. പക്ഷേ, ഇത് തള്ളി രേഖകൾ ഇ.ഡി.ക്ക് കൈമാറാൻ ഡിസംബർ 19-ന് വിജിലൻസ് കോടതി ഉത്തരവിട്ടു.

ഈ രേഖകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസെടുക്കുന്നതിനാണ് ഇപ്പോൾ കൊച്ചി യൂണിറ്റിന് അനുമതി ‌ലഭിച്ചത്. ഇ.ഡി. കൊച്ചി അഡീഷണൽ ഡയറക്ടർ രാകേഷ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ (ഐ.ഒ.) ആരാവണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.

ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളായിരിക്കും ഇ.‍ഡി. പ്രധാനമായും പരിശോധിക്കുക. മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു, പി.എസ്. പ്രശാന്ത്, അംഗം വിജയകുമാർ, മുരാരി ബാബു, കെ.എസ്. ബൈജു, ഡി. സുധീഷ്‌കുമാർ, ദേവസ്വംബോർഡ് അംഗങ്ങൾ എന്നിവരെ ചോദ്യംചെയ്യും.

മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അദ്ദേഹം വെളിപ്പെടുത്തിയ പ്രവാസി വ്യവസായി എന്നിവരിൽനിന്ന് വിശദമായ മൊഴിയെടുക്കും.

By admin