
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബെല്ലാരിയിൽ എസ്ഐടി പരിശോധന. ഗോവർധന്റെ റോഡ്ഡം ജുവലറിയിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി സംഘം ഗോവർധനെ അറസ്റ്റ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ എത്തുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ കട്ടളപാളിയും ദ്വാരപാലക ശില്പവും രൂപമാറ്റം വരുത്തിയത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ചാണ്. ഇവിടെ നിന്നും സ്വർണം പോയത് ബെല്ലാരിയിലെ റോഡ്ഡം ജൂവലറിയിലേക്കാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് സമയത്തും എസ്ഐടി റോഡ്ഡം ജുവലറിയിൽ വന്നിരുന്നു. അന്ന് 474 ഗ്രാം സ്വർണം അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിന്റെ ശാസ്ത്രീയ പരിശോധന തുടരുകയാണ്.
ശബരിമല സ്വർണപ്പാളിയിലെ സ്വർണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണ സംഘം ബെല്ലാരിയിൽ എത്തിയത്. ഇന്ന് രാവിലെയാണ് അന്വേഷണ സംഘം ജുവലറിയിൽ എത്തിയത്. അതേസമയം ഡി മണിയെ ചോദ്യം ചെയ്യാൻ എസ്ഐടി സംഘം ചെന്നൈയിലെത്തി. ദുബായ് വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിത്. രമേശ് ചെന്നിത്തലയാണ് ദുബായ് വ്യവസായിയുടെ വിവരം അന്വേഷണ സംഘത്തിന് നൽകിയത്. ഡി മണി എന്നത് യഥാർത്ഥ പേരല്ല എന്നാണ് പൊലീസ് പറയുന്നത്.
ഇന്നോ നാളേയോ ഡി മണിയെ ചോദ്യം ചെയ്തേക്കും.