തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്തെ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത് പ്രത്യേക അന്വേഷണ സംഘം. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നുമാണ് എസ്ഐടി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബുധനാഴ്ച രാത്രി 10 മണിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിച്ചതായാണ് വിവരം.
ശബരിമലയിലെ ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ രണ്ട് കേസുകളിൽ നിലവിൽ ഇയാൾ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാളെ ചുമതലകളിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.എന്നാൽ സ്വർണ്ണക്കൊള്ള യിൽ തനിക്ക് പങ്കില്ലെന്നാണ് ബി മുരാരി ബാബു പറഞ്ഞത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു.
താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്‌ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ് എന്നുമായിരുന്നു. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു നേരെത്തെ വെളിപ്പെടുത്തിയിരുന്നു.
2019-ൽ ദ്വാരപാലക ശിൽപത്തിലെ പാളി സ്വർണം ആയിരുന്നുവെങ്കിലും, അത് ചെമ്പാക്കി മാറ്റാനുള്ള ഉത്തരവ് ഇറക്കിയത് മുരാരി ബാബു ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന കാലത്താണ്. ഇവിടെ അദ്ദേഹത്തിന് ഒരു വലിയ പിഴവ് സംഭവിച്ചതായി ബോർഡ് കരുതുന്നു. ദ്വാരപാലക ശില്പത്തിന് അറ്റകുറ്റപ്പണി എന്ന നിലയിൽ അത് 2025-ൽ വീണ്ടും ഉണ്ണികൃഷ്ണ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയൽ എഴുതിയത് മുരാരി ബാബു ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കാലത്താണ്.
മുരാരി ബാബു കേസിൽ ഉൾപ്പെട്ടെന്ന് അറിഞ്ഞതോടെ എൻഎസ്എസ് വൈസ് പ്രസിഡന്റ് ആയിരുന്ന ഇയാളുടെ രാജി നേരത്തെ എഴുതി വാങ്ങിയിരുന്നു.