
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്‌ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില്‍ എത്തിയാണ് സ്വര്‍ണം വില്‍പന നടത്തിയത്.
സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിൽ പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ മൊഴി നൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്. അതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്.
നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്.ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിൽ എത്തിച്ചാണ് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്.