• Sat. Nov 28th, 2026

24×7 Live News

Apdin News

ശബരി റെയില്‍വെ: സ്ഥലമെടുപ്പിന് വിജ്ഞാപനം

Byadmin

Nov 28, 2026



കൊച്ചി: നീണ്ടകാലത്തെ അവഗണനയ്‌ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ശബരി റെയില്‍വെ പദ്ധതിക്കായി വീണ്ടും സര്‍വേ ആരംഭിക്കുന്നു. അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത കടന്നുപോകുന്ന എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളി ല്‍ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ച് സര്‍വേ നട ത്തും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്‌ച അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചു. ശബരി റെയില്‍വെയ്‌ക്കായി സ്ഥലം ഏറ്റെടുക്കാത്തതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ പദ്ധതികള്‍ക്ക് തടസമായി നില്‍ക്കുന്നത് സ്ഥലമേറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിമുഖതയാണ്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോത മംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 18 വില്ലേജുകളിലാണ് സര്‍വേ. ആലുവ താലൂക്കിലെ അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, മറ്റൂര്‍, വടക്കുംഭാഗം, കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റം, പെരുമ്പാവൂര്‍, കൂവപ്പടി, വേങ്ങൂര്‍ വെസ്റ്റ്, രായമംഗലം, അശമന്നൂര്‍, കോതമംഗലം താലൂക്കിലെ എരമല്ലൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കിലെ മുളവൂര്‍, മൂവാറ്റുപുഴ, ഏനാനല്ലൂര്‍, വെള്ളൂര്‍ക്കുന്നം, മഞ്ഞള്ളൂര്‍ എന്നിവയുമാണ് വില്ലേജുകളുടെ പട്ടികയിലുള്ളത്.

വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ഈ വില്ലേജുകളുടെ സര്‍വേ നമ്പരുകളില്‍പ്പെടുന്ന ഭൂമിയുടെ അതിര്‍ത്തി തിരിച്ച് സര്‍വേ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഭൂവുടമകള്‍ സര്‍വേ ഉദ്യോഗ സ്ഥര്‍ക്ക് ഇതിനുവേണ്ട വിവരങ്ങള്‍ നല്‍കണം. 15 ദിവസത്തിനകം നിശ്ചിത സര്‍വേ നമ്പരുകളിലെ ഭൂമിയില്‍ അളക്കുന്നതിനു കാട് വൃത്തിയാക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.

സര്‍വേയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനാടിസ്ഥാനത്തില്‍ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കലാണ് ഇനിയുള്ളത്. റെയില്‍പ്പാതയുടെ പണി കാലടിയില്‍ സ്തംഭിച്ചിരിക്കുകയാണ്. കാലടിയില്‍ റെയില്‍വെ സ്റ്റേഷനും പെരിയാറിന് കുറുകെ പാലവും പണിതിട്ടുണ്ട്.

By admin