• Sat. Aug 9th, 2025

24×7 Live News

Apdin News

ശരീരം തളരുന്നു; . ആയാസപ്പെട്ട് എണീറ്റിരുന്നു. അപ്പോഴാണ് കാണുന്നത്, മുട്ടിനു താഴെ ശൂന്യം.. നിലവിളിച്ചുപോയി….

Byadmin

Aug 7, 2025



ഇനി ചിലത് പറയാനുണ്ട്….

സി സദാനന്ദന്‍ മാസ്റ്റര്‍ എം പി

മഹത്വപൂർണവും സമൂഹത്തോട് ഏറെ ഉത്തരവാദിത്തവുമുള്ള ഒരു ചുമതല ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടയാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ വാക്കുകളിൽ നേരിയ പിഴവു പോലുമുണ്ടാകരുത് എന്ന നിർബന്ധമുണ്ട്. ആ കരുതലോടെ ചിലത് കുറിക്കുകയാണിവിടെ. വേണോ, വേണ്ടയോ എന്ന് പലകുറി ആലോചിച്ചു. പലതു കൊണ്ടും വേണമെന്നുറപ്പിച്ചു. ഒരിക്കലും പൊതു ഇടത്തിൽ ഇങ്ങനൊന്ന് പാടില്ലെന്നു തന്നെയായിരുന്നു ചിന്ത. പ്രത്യേകിച്ച്, സമൂഹത്തിൽ അത് അനഭിലഷണീയമായ പ്രതികരണങ്ങളുണ്ടാക്കുമെന്ന് തോന്നിയതുകൊണ്ട്. ഒരിക്കലും ആരിലും ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ദുരന്തമായതുകൊണ്ട്. ചോരകൊണ്ടുള്ള കളി നാമാഗ്രഹിക്കുന്ന സമാജ പരിവർത്തനത്തിന് അനുഗുണമല്ലെന്ന് എന്റെ പ്രസ്ഥാനം പഠിപ്പിച്ചതുകാണ്ട്. എന്നാൽ ഇപ്പോഴെന്തുകൊണ്ട് എന്നു ചോദിച്ചേക്കാം. അസത്യങ്ങളും അർധ സത്യങ്ങളും പൊലിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചവൃത്തി നിർബാധം തുടരുമ്പോൾ നിസ്സംഗത പാലിക്കാനാവുന്നില്ല.
ഞാൻ തന്നെയല്ലേ, ഇപ്പോൾ തന്നെയല്ലേ ഇതെല്ലാം പറയണ്ടത്. പറയുകയാണ്; അല്പം നീണ്ടു പോയേക്കാം… ക്ഷമിക്കുക.
31 വർഷം മുമ്പാണ് ഒരു രാത്രി CPIM പ്രവർത്തകർ എന്റെ ഇരുകാലുകളും മുട്ടിനു കീഴെ അറുത്തു മാറ്റി കൊല്ലാക്കാെല ചെയ്തത്. അന്ന് വയസ്സ് 30. നാട്ടിലുള്ള ഒരു LP സ്കൂളിൽ അധ്യാപകനായിരുന്നു ഞാനന്ന്. ഇളയ സഹോദരിയുടെ നിശ്ചയിച്ച വിവാഹക്കാര്യം കൂത്തുപറമ്പിനടുത്ത് ആയിത്തര മമ്പറത്തുള്ള അമ്മാവനുമായി സംസാരിച്ച് തിരിച്ചു വരുമ്പോഴാണ് പെരിഞ്ചേരിയിലുള്ള എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് 2 കി.മീ. ഇപ്പുറത്തുള്ള ഉരുവച്ചാലിൽ വെച്ച് ഞാൻ ആക്രമിക്കപ്പെടുന്നത്. സാമാന്യം ജനത്തിരക്കുള്ള ചെറുപട്ടണമായിരുന്നു അത്. ബസ്സിറങ്ങി നടക്കാനായി തിരിയുമ്പോഴാണ് അവിടെ റെഡ് സ്റ്റാർ ടെയ്‌ലേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നിറങ്ങി വന്ന അക്രമികൾ എന്നെ വളഞ്ഞത്. ഒന്നു കുതറി മാറി രക്ഷപ്പെടാനുള്ള ശ്രമം പോലും സാധ്യമാകാത്ത തരത്തിൽ അവരെന്നെ പിടികൂടി. റോഡിൽ തട്ടി വീഴ്‌ത്തി. അതിനിടയിൽ ഒന്നോ രണ്ടോ ഉഗ്ര സ്ഫോടനങ്ങളുടെ ശബ്ദം കേട്ടത് ഞാനോർക്കുന്നു. നിമിഷം കൊണ്ട് കടകളടഞ്ഞു. ജനങ്ങൾ ചിതറിയോടി. പിന്നെ അവരും ഞാനും മാത്രമായി. അട്ടഹാസങ്ങൾ…. അമറലുകൾ…. കൂട്ടത്തിൽ ചെറു മർമരങ്ങളും!
എന്താണ് സംഭവിക്കുന്നതെനിക്ക് മനസ്സിലായില്ല. കാലിന് വാളുകൊണ്ടും മഴുകൊണ്ടുമുള്ള ആദ്യ വെട്ടുകൾ ഏൽക്കുമ്പോൾ മാത്രം വിവരിക്കാനാവാത്ത കൊടിയ വേദന ഞാനറിഞ്ഞു…. പിന്നീട് ആകെ ഒരു മരവിപ്പ്. ശരീരം മുഴുവൻ ഇളകുന്നുണ്ടായിരുന്നു. തലയടക്കം മുഖം റോഡിൽ ബലത്തിൽ
അമർത്തി പിടിച്ച അവസ്ഥ, കൈകളും…..അല്പം കഴിഞ്ഞ് പരാക്രമികൾ ഓടിപ്പോകുന്ന ശബ്ദം ഞാൻ കേട്ടു.
ശരീരം തളരുന്നുണ്ടായിരുന്നു… മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റാതെ ഞാൻ റോഡിൽതന്നെ വീണു. എന്നാലും ആയാസപ്പെട്ട് എണീറ്റിരുന്നു. അപ്പോഴാണ് കാണുന്നത്, മുട്ടിനു താഴെ ശൂന്യം…. നിലവിളിച്ചുപോയി….
ചുറ്റിലും ഭീതിയോടെ നോക്കി. ചോരത്തളമല്ലാതെ മറ്റൊന്നും കണ്ടില്ല. പിന്നീടെപ്പോഴോ പോലീസ് വന്നു. അവരോടൊപ്പം എന്റെ കൂട്ടുകാരനും നാട്ടിലെ കോൺഗ്രസ് പ്രവർത്തകനുമായ ബാലകൃഷ്ണനുമുണ്ടായിരുന്നു. പിന്നീട് ആശുപത്രിക്കാലം ! കോഴിക്കോട് വെള്ളയിലെ മത്സ്യബന്ധനത്തൊഴിലിലേർപ്പെടുന്ന സഹോദരങ്ങളാണ് എനിക്ക് മെഡിക്കൽ കോളജിൽ രക്തം നൽകാൻ വന്നത്…
മൂന്നു ദശാബ്ദക്കാലം പിന്നിട്ടപ്പോഴാണ് കുറ്റവാളികൾ ശിക്ഷ ഏറ്റുവാങ്ങിയത്. ഇത് കേസുകളുടെ ചരിത്രത്തിൽ ഒരു പക്ഷേ അപൂർവമായിരിക്കും. മറ്റൊന്നു കൂടിയുണ്ട്. രാജ്യസഭാംഗമായി ഞാൻ നിയോഗിക്കപ്പെടുന്നതും എന്നെ ക്രൂരമായി ആക്രമിച്ചവരുടെ തടവറ പ്രവേശനവും ഒരേ സമയത്ത് സംഭവിച്ചിരിക്കുന്നു… കാലത്തിന്റെ വല്ലാത്തൊരു കുഴമറിച്ചിലാണിത്. CPIM നേതൃത്വം അനുഭവിക്കുന്ന മന:സംഘർഷം ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ ബഹിർസ്ഫുരണങ്ങളാണ് ഇപ്പോൾ പടച്ചുണ്ടാക്കുന്ന ആഖ്യാനങ്ങൾ.
“ജയിലിൽ പോയ കുറ്റവാളികൾ മാന്യരും നിഷ്ക്കളങ്കരു”മെന്ന് ശൈലജ ടീച്ചർ MLA
“സദാനന്ദൻ കണ്ണൂരിലെ കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്ര”മെന്ന് കൈരളി TV
“സദാനന്ദൻ വിശുദ്ധ മാലാഖ”യല്ലെന്ന് മീഡിയവൺ ചാനൽ
“ക്രിമിനലായ സദാനന്ദൻ എം.പി ആയ വകയിൽ കോടതി കയറേണ്ടിവരു”മെന്ന് ദേശാഭിമാനി
“കല്ലുവെട്ടു തൊഴിലാളിയായ ജനാർദ്ദനൻ എന്ന CPIM പവർത്തകന്റെ ഇരുകാലുകളും തല്ലിയൊടിച്ച ക്രൂരനാണ് RSS നേതാവായ സദാനന്ദ”നെന്ന് പി.ജയരാജൻ….!
പെരിഞ്ചേരി എന്ന സി.പി.എം പാർട്ടി ഗ്രാമത്തിൽ SFI കളിച്ച് വളർന്നയാളാണ് ഈ സദാനന്ദൻ. പ്രീഡിഗ്രി വരെ ഈ അസുഖമുണ്ടായിരുന്നു. അതിൽ നിന്ന് മുക്തനാകാൻ രണ്ടു വർഷത്തെ ശ്രമം. SFI യിൽ, കമ്മ്യൂണിസ്റ്റ് ചിന്തയിൽ മടുപ്പു തോന്നാൻ കാരണം അവർ വളർത്തിയുക്കാൻ ശ്രമിക്കുന്ന ആക്രമണോത്സുക അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധതയും തന്നെ. സ്വന്തം അനുഭവത്തിൽ അതു ബോധ്യപ്പെട്ട സംഭവങ്ങളുണ്ട്. ഡിഗ്രി അവസാന വർഷം, അതായത് 1984 ൽ അതവസാനിച്ചത് സംഘശാഖയിൽ. സംഘത്തിലേക്കെത്താൻ നിമിത്തമായ പല ഘടകങ്ങളുണ്ട്. അതൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പെരിഞ്ചേരിയിലേക്കും ജനാർദ്ദനനിലേക്കും വരാം.
കുടുംബം വകയുള്ള കുഴിക്കൽ LP സ്കൂളിലാണ് അധ്യാപനവൃത്തി ആരംഭിച്ചത്. കുട്ടികളെ ഏറെ സ്നേഹത്തോടെയാണ് സമീപിക്കാറ്. അക്കൊല്ലം ഞാൻ ക്ലാസ് മാഷായ നാലാം ക്ലാസ്സിലെ ക്ലാസ് ലീഡർ സഖാവ് ജനാർദ്ദനൻ എന്ന ജനേട്ടന്റെ മകളായിരുന്നു. നന്നായി പഠിക്കുമായിരുന്ന മിടുക്കിക്കുട്ടി. എന്നും സദുമാഷുടെ വിരലിൽത്തൂങ്ങിയാണ് ആ മോള് നടക്കുക. വീട്ടിലെ വിശേഷങ്ങളെക്കെ പറയും. അങ്ങനെയൊരു സന്ദർഭത്തിലാണ് ജൻമാഷ്ടമി ആഘോഷം വരുന്നത്. 93 സെപ്ത 6 ആണെന്നാണോർമ. ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ഞാനുണ്ടായിരുന്നില്ല. കാരണം തൊട്ടുമുമ്പ് 1993 ആഗസ്ത് 18 ന് അച്ഛൻ മരണപ്പെട്ടു. നമ്മുടെ വിശ്വാസമനുസരിച്ച് നാല്പതു നാൾ ദീക്ഷയോടെ പ്രാർത്ഥനയുമായി കഴിയേണ്ട കാലം. ഞാൻ വീട്ടിലൊതുങ്ങി.
ശോഭായാത്രയിൽ മകളെ പങ്കെടുപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ജനേട്ടന്റെ ഭാര്യ അവളെയും കൂട്ടി അമ്പലത്തിലെത്തി. ഗോകുലം പ്രവർത്തകർ ഒന്നു സംശയിച്ചു. ആദ്യം നിരുത്സാഹപ്പെടുത്തി. പക്ഷെ അമ്മ മകളെ കൂടെ കൂട്ടാൻ നിർബന്ധിച്ചു. കൂടെ കൂട്ടി. ശോഭായാത്ര കഴിഞ്ഞ് രാത്രി ഏകദേശം ഏഴരയോടെ കുട്ടിയെ വീട്ടിലെത്തിച്ചു. അപ്പോഴവിടെ ജനേട്ടനുണ്ടായിരുന്നു. കുട്ടിയുമായി ചെന്ന പ്രവർത്തകനെ ‘കാര്യമായിത്തന്നെ’ അദ്ദേഹം സ്വീകരിച്ചു. കണക്കിന് ചീത്തവിളിച്ചു. കയ്യാങ്കളിവരെ എത്തി കാര്യം. പ്രവർത്തകൻ തന്ത്രപരമായി അവിടുന്ന് രക്ഷപ്പെടുകയായിരുന്നു! ഇക്കാര്യങ്ങളിലൊന്നും ഞാനില്ല. ഒക്കെ പിന്നീടാണറിഞ്ഞത്. ഇപ്പോൾ ജയരാജനും കൂട്ടരും തട്ടിവിടുന്നത് മകളെ ഞാൻ നിർബന്ധിച്ച് ശാഖയിൽ കൊണ്ടുപോയെന്നും ജനാർദ്ദനൻ അത് പരസ്യമായി ചോദ്യം ചെയ്തെന്നും അതിൽ ക്ഷുഭിതനായി ഞാൻ മാടമ്പിത്തരം കാട്ടിയെന്നും ജനാർദ്ദനന്റെ രണ്ടു കാലും അടിച്ചൊടിച്ചെന്നുമൊക്കെയാണ്. കാല് വെട്ടിക്കളഞ്ഞു എന്നു വരെ പറഞ്ഞു നടക്കുന്ന സഖാക്കളുണ്ട്. ശാഖയെക്കുറിച്ചറിയുന്നവർ, മകളെ ശാഖയിൽ കൊണ്ടുപോയെന്ന വാദം കേട്ടാൽ ചിരിക്കില്ലേ….ജനാർദ്ദനൻ എന്നെ ചോദ്യം ചെയ്യുന്നത് പോയിട്ട് മുഖാമുഖം കണ്ടിട്ടു പോലുമില്ല !
അതവിടെ തീർന്നു എന്നാണ് വിചാരിച്ചത്.
സപ്ത 8 ന് ഒരു കേരള ബന്ദ്.
പെരിഞ്ചേരിയിലുള്ള ബാവോട്ടു പാറയിൽ സംഘപ്രവർത്തകർ നിർമിച്ച ഒരു ബസ്ഷെൽട്ടർ ഉണ്ടായിരുന്നു. ബന്ദ് ദിവസം രാവിലെ കണ്ടെത് ഷെൽട്ടർ തകർത്ത് അവിടുണ്ടായിരുന്ന സിമന്റ്ബഞ്ച് പൊട്ടിച്ച് കഷണങ്ങളാക്കി റോഡിലിട്ടിരിക്കുന്നതാണ്. സ്ഥലത്ത് അമ്പതോളം സഖാക്കൾ മസിലു പെരുപ്പിച്ച് സംഘടിച്ചു നിൽക്കുന്നു. ഷെൽട്ടൽ തകർത്തതുകണ്ട സംഘ പ്രവർത്തകർ അവിടുണ്ടായിരുന്ന സഖാക്കളുമായി വാക്കുതർക്കമായി. അപ്പോഴും ഞാൻ വീട്ടിലായിരുന്നു. ആരോ വന്ന് എന്നെ വിവരമറിയിച്ചു. പ്രശ്നം വഷളാകാതിരിക്കാൻ ഞാനവിടേക്കു ചെന്നു. സ്വയംസേവകരെ മാറ്റിനിർത്തി സ്ഥലത്തുണ്ടായിരുന്ന CPM പ്രാദേശികനേതാക്കളുമായി സംസാരിക്കാൻ മുതിർന്നു. പെട്ടെന്ന് അന്തരീക്ഷം മാറി. ഞങ്ങൾ അഞ്ചാറുപേർ. അവർ അമ്പതിലേറെയും. ഞങ്ങളെ വളഞ്ഞു. മുദ്രാവാക്യം വിളി…. കയ്യേറ്റം…മർദ്ദനം. എല്ലാം അരങ്ങേറിയത് ജനാർദ്ദനന്റെ നേതൃത്വത്തിൽ…. ഞാനുൾപ്പടെ നാലുപേർ ചെറിയ പരിക്കുകളുമായി ആശുപത്രായിൽ. പ്രശ്നം പുകഞ്ഞു. CPMന്റെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനങ്ങളുണ്ടായി. കൊടി നശിപ്പിക്കൽ, ഭീഷണി, വെല്ലുവിളി…. അത് വീണ്ടും സംഘർഷത്തിലെത്തി. ജനാർദ്ദനനും മർദനമേറ്റു. ഇത്രയും മതിയായിരുന്നു അവർക്ക്. ജനാർദ്ദനനെ മർദ്ദിച്ചെന്ന കേസിൽ അച്ഛൻ മരണപ്പെട്ട സാഹചര്യത്തിൽ വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന എന്നെ കളവായി പ്രതി ചേർത്തു. കേസ് വിചാരണക്കെടുത്ത മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി സമയം മെനക്കെടുത്താതെ വാദം പോലുമനുവദിക്കാതെ കേസ് ചവറ്റുകൊട്ടയിലെറിഞ്ഞു.
എന്നാൽ CPIM നേതൃത്വം അടങ്ങിയില്ല. നേരത്തെ ഒരുക്കിക്കൂട്ടിക്കൊണ്ടുവന്ന ആസൂത്രിത ലക്ഷ്യം അവർ പൂർണമാക്കി. നാലു മാസത്തിനു ശേഷം 1994 ജനുവരി 25 ന് വർഗ ശത്രുവായ സദാനന്ദനെ ഒരു പരുവത്തിലാക്കി. മുട്ടിലിഴഞ്ഞ് നടക്കട്ടെ എന്നു തീരുമാനിച്ചു. സംഘപ്രവർത്തകർ രോഷാകുലരായിരുന്നു. സ്ഥിതി പെട്ടെന്നു വഷളായി….
പിന്നീടെല്ലാം എല്ലാവർക്കുമറിയുന്നത്!
പ്രിയരെ, അവർ അവിടെയും നിർത്തിയില്ല…. വീണ്ടും എന്നെ ദ്രോഹിച്ചു. പല തരത്തിൽ. എനിക്ക് പ്രിയപ്പെട്ട പ്രമുഖ സംഘ കാര്യകർത്താക്കളെ വകവരുത്തി. പക്ഷെ തളർന്നില്ല. മുട്ടിലിഴഞ്ഞില്ല. ആദർശം നൽകുന്ന കരുത്തിൽ നെഞ്ചുവിരിച്ച് ഞാൻ നിവർന്നുനിന്നു. വെപ്പുകാലുകളെങ്കിലും ഉറച്ച പദം വെച്ച് മുന്നോട്ടു നീങ്ങി. എന്റെ പ്രസ്ഥാനത്തിന്റെ പിൻബലത്തിൽ. എന്റെ പ്രിയ സോദരങ്ങളുടെ കരുതലിൽ. സഹധർമചാരിണിയായി നിഴൽ പോലെ കൂടെയുള്ള ജീവിത പങ്കാളിയുടെ പിന്തുണയിൽ. എല്ലാം അറിഞ്ഞിട്ടും ഒന്നും സംഭവിക്കാത്ത പോലെ അച്ഛനു സന്തോഷം മാത്രം തന്നുകാെങ്ങിരിക്കുന്ന പൊന്നു മോളുടെ താങ്ങിൽ…..
എനിക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് എന്റെ പ്രസ്ഥാനം നിശ്ചയിച്ചുകാണും. പുതിയ ദൗത്യ മേൽപ്പിച്ചു. നമ്ര ശിരസ്സോടെ ഏറ്റെടുത്തു. എന്റെ നേതാക്കൾക്ക്, എന്റെ പ്രധാനമന്ത്രിക്ക് ഞാൻ വാക്കു കൊടുത്തുകഴിഞ്ഞു. അതു പാലിക്കണം. തന മന ധന പൂർവകമായി….
എന്റെ മാർഗത്തിൽ മാർഗദീപമായി ജ്വലിക്കുന്ന ബലിദാനികൾ….
തണലൊരുക്കുന്ന അവരുടെ കുടുംബാംഗങ്ങൾ. രാജ്യം മുഴുവൻ എന്റെ കൂടെയുണ്ടെന്നറിയുമ്പോൾ ആത്മവിശ്വാസം വാനോളം.
അവസാനമായി CPIM നേതാക്കളോട് ഒരഭ്യർത്ഥന:
കാലം മാറി. ആളുകൾ എല്ലാമറിയുന്നുണ്ട്. നിങ്ങൾ പഴഞ്ചൻ പ്രാകൃത ചിന്തകളുടെ തടവറയിലാണ്. അതിൽ നിന്ന് നിങ്ങളാദ്യം പുറത്തുകടക്കുക. അണികളെയും അതിനനുവദിക്കുക. നമുക്ക് ആശയങ്ങൾ വെച്ച് മത്സരിക്കാം. ആയുധങ്ങൾ വേണ്ട. സത്യം പറഞ്ഞ് സംവദിക്കാം. നുണക്കൊട്ടാരങ്ങൾക്ക് മൊബൈൽ ഫോണിൽ ഒരു വിരൽ സ്പർശത്തിനെടുക്കുന്ന സമയം മാത്രമേ ആയുസ്സുള്ളൂ….

By admin