
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് രക്തക്കുറവ്. കാരണം ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും വളരെയധികം ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും കുട്ടികളിലും എല്ലാ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് പലപ്പോഴും സ്ത്രീകളിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. പോഷകാഹാരക്കുറവും അനാരോഗ്യകരമായ ഭക്ഷണരീതിയും എല്ലാമാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
അതിന്റെ ഫലമായി നിങ്ങളില്‍ മുടി കൊഴിച്ചില്‍, ഏകാഗ്രതക്കുറവ്, വ്ിട്ടുമാറാത്ത ക്ഷീണം എന്നിവയെല്ലാം ഉണ്ടാവാം.ചില ഭക്ഷണങ്ങള്‍ ക്രമമായി കഴിക്കുന്നതിലൂടെ സ്വാഭാവികമായി ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.ശരീരം ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാത്തതാണ് ഇത്തരത്തില്‍ ഹിമോഗ്ലോബിന്‍ നില കുറയ്‌ക്കുന്നത്. അതിന് പിന്നില്‍ പല കാരണങ്ങളും രോഗാവസ്ഥകളും ഉണ്ടായിരിക്കാം.
പലപ്പോഴും വേഗത്തില്‍ ചുവന്ന രക്താണുക്കള്‍ നശിക്കുന്നതും ഹിമോഗ്ലോബിന്‍ അളവ് കുറയ്‌ക്കുന്നതിന് കാരണമാകുന്നു.നേര്‍ത്ത ചുവന്ന മാംസം, കരള്‍ (കോഴി, ആട്), കോഴിയിറച്ചി, മത്സ്യം (മത്തി, ട്യൂണ പോലുള്ളവ), മുട്ട, പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു എന്നിവ മൃഗങ്ങളില്‍ നിന്നുള്ള പ്രധാന ഇരുമ്പ് സ്രോതസ്സുകളാണ്. ഇവ കഴിക്കുന്നത് വഴി നിങ്ങളില്‍ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിക്കും. എന്നാല്‍ സസ്യാധിഷ്ഠിതമായ അയേണ്‍ ആണെങ്കില്‍ അത് പലപ്പോഴും ചീര, മുരിങ്ങയില, മറ്റ് പച്ചിലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങളായ പരിപ്പുകള്‍ (തുവരപ്പരിപ്പ്, മസൂര്‍ പരിപ്പ്), കടല, കിഡ്‌നി ബീന്‍സ് എന്നിവയിലൂടെ ശരീരത്തിന് ലഭ്യമാവുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സ്ഥിരമായി മത്തങ്ങാക്കുരു, എള്ള്, ബദാം തുടങ്ങിയ വിത്തുകളും നട്‌സുകളും; ഈന്തപ്പഴം, ഉണക്കമുന്തിരി, അപ്രിക്കോട്ട് തുടങ്ങിയ ഉണങ്ങിയ പഴങ്ങളും എല്ലാം നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ശര്‍ക്കരയും ഇത്തരത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.കഴിക്കുന്ന ഭക്ഷണത്തില്‍ വിറ്റാമിന്‍ സിയും ഉള്‍പ്പെടുത്തേണ്ടതാണ്. കാരണം ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. അതുകൊണ്ട് തന്നെ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയവ കൂടി കഴിക്കുമ്പോള്‍ അത് ശരീരത്തിലേക്ക് അയേണ്‍ കൂടുതലായി ആഗിരണം ചെയ്യുന്നതിന് സഹായിക്കും. ഓറഞ്ച്, നാരങ്ങ, പേരക്ക, കിവി, സരസഫലങ്ങള്‍, നെല്ലിക്ക തുടങ്ങിയ പഴങ്ങളും കാപ്‌സിക്കം, തക്കാളി എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ശരീരത്തിന് വിറ്റാമിന്‍ സി ധാരാളം ലഭിക്കുകയും ഇത് വഴി ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.രാവിലെ ചെറുപയര്‍ മുളപ്പിച്ചതും തക്കാളിയും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
അത് കൂടാതെ ചീരയും ബ്രൗണ്‍ റൈസും ചേര്‍ത്ത് കഴിക്കാം. ആവശ്യമെങ്കില്‍ വിറ്റാമിന്‍ സി ആയി ഓറഞ്ച് കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പം ഈന്തപ്പഴത്തോടൊപ്പം അല്‍പം മത്തങ്ങാക്കുരു കൂടി ചേര്‍ക്കാവുന്നതാണ്. ഇത് മികച്ച ഒരു സ്‌നാക്‌സ് ആണ്. രാത്രി അത്താഴത്തിന് വേണ്ടി ഇലക്കറികളും അതിനോടൊപ്പം നല്ലൊരു സാലഡും മുട്ടയോ ചിക്കനോ എല്ലാം ചേര്‍ക്കാവുന്നതാണ്. പ്രശ്‌നം ഗുരുതരമെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു ഡോക്ടറെ കാണാവുന്നതാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകളും ഉള്‍പ്പെടുത്തണം. എപ്പോഴും ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ തീരുമാനം എടുക്കാവൂ.