കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ മാനനഷ്ടക്കുറ്റം ചുമത്തി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച ക്രിമിനല്‍ പരാതി തള്ളി ഡല്‍ഹി കോടതി. പ്രസിദ്ധീകരിച്ച മൂന്ന് അഭിമുഖങ്ങളിലും വാര്‍ത്തകളിലും തരൂര്‍ ഒരിക്കല്‍ പോലും ബി.ജെ.പിയെക്കുറിച്ചോ എന്‍.ഡി.എയെക്കുറിച്ചോ ചന്ദ്രശേഖറിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരസ് ദലാല്‍ മാനനഷ്ടക്കേസ് തള്ളുകയായിരുന്നു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതി. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടിനായി പണം നല്‍കുന്നുവെന്ന് തരൂര്‍ പറഞ്ഞെന്നായിരുന്നു പരാതി. എന്നാല്‍, തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
മൂന്ന് അഭിമുഖങ്ങളിലും കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണവും പരാതിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഓരോ പ്രസംഗത്തെയും പ്രകടനത്തെയും അപകീര്‍ത്തികരമായി കണ്ടാല്‍, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറുമെന്ന് കോടതി പറഞ്ഞു.
‘പ്രതി പരാതിക്കാരനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. ഹാജരാക്കിയ തെളിവുകള്‍ കാണിക്കുന്നത് നിര്‍ദ്ദിഷ്ട പ്രതി ഒരിക്കലും പരാതിക്കാരനെ നേരിട്ട് കുറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടോ ഇല്ല എന്നാണ്,’ കോടതി പറഞ്ഞു.
ബി.ജെ.പി തങ്ങളെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി കൂടുതല്‍ ചെലവഴിക്കുന്നുണ്ടെന്ന് തരൂര്‍ ആരോപിക്കുന്നത് പരാതിക്കാരനെ കുറ്റപ്പെടുത്തുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ സാഹചര്യത്തെയും മുന്‍നിര്‍ത്തിയാണ് തരൂര്‍ അത്തരം പ്രസ്താവന നടത്തിയതെന്ന് കോടതി പറഞ്ഞു.