
ദുബായ് :ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന് താന്‍ ചര്‍ച്ച നടത്തി എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ലുലു ഗ്രൂപ്പ് ഉടമയും വ്യവസായിയായ എം.എ. യൂസഫലി. ശശി തരൂര്‍ ഇത്തവണ ദുബായില്‍ എത്തിയപ്പോള്‍ താന്‍ കണ്ടിട്ടുപോലുമില്ലെന്നും യൂസഫലി വ്യക്തമാക്കി.
ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ യുഎഇയിലെ ഒരു വ്യവസായി ശ്രമിക്കുന്നുവെന്നും ശശി തരൂരിന്റെ നേതൃത്വത്തില്‍ ഒരു പാര്‍ട്ടി രൂപീകരിച്ചാല്‍ അതിന് 15 സീറ്റുകള്‍ സിപിഎം നല്‍കുമെന്ന രീതിയില്‍ ഈ വ്യവസായി ചര്‍ച്ച നടത്തിവരികയാണെന്നും മാധ്യമവാര്‍ത്തകള്‍ സജീവമായിരുന്നു. ഇതോടെയാണ് ഈ പ്രമുഖ വ്യവസായി യൂസഫലിയാണെന്ന രീതിയില്‍ ചില ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്. ഇതാണ് ഇപ്പോള്‍ യൂസഫലി നിഷേധിച്ചത്.
“ആറ് മാസം മുന്‍പ് ശശി തരൂര്‍ യുഎഇയില്‍ എത്തിയപ്പോള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. ഞങ്ങള്‍ കാണാറുണ്ട്. പക്ഷെ ഇത്തരത്തിലൊരു വാര്‍ത്ത അടിസ്ഥാനരഹിതമാണ്.” -എംഎ യൂസഫലി പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് ശശി തരൂര്‍ ഈയിടെ ദൂബായില്‍ എത്തിയത്.