എറണാകുളം: തിരുവനന്തപുരം എംപി ഡോക്ടര്‍ ശശി തരൂരിന് നല്‍കാന്‍ നിശ്ചയിച്ച അവാര്‍ഡ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മോഷ്ടിച്ചു നല്‍കി എന്ന് ആരോപണം. എം എ ജോണ്‍ സ്മാരക പുരസ്‌കാരത്തിലാണ് ആരോപണമുയര്‍ന്നത്.
എം എ ജോണിന്റെ കുടുംബാംഗമായ അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആനന്ദ് കൊച്ചുകുടിയാണ് വി ഡി സതീശനും സംഘത്തിനും എതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്. ആഗസ്ത് 11 ന് തൃശൂരില്‍ വെച്ച് മുന്‍ എംപി കെ മുരളീധരനാണ് വി ഡി സതീശന് എം എ ജോണ്‍ പുരസ്‌കാരം സമ്മാനിച്ചത്.
എക്‌സ് പോസ്റ്റില്‍ ആണ് ആനന്ദ് കൊച്ചുകുടി അവാര്‍ഡ് വി ഡി സതീശന്‍ തട്ടിയെടുത്തെന്ന് കുറിച്ചത്.
കോണ്‍ഗ്രസിലെ ആദര്‍ശവാദികളുടെ കൂട്ടായ്മയായിരുന്ന പരിവര്‍ത്തനവാദികളുടെ നേതാവായിരുന്നു എം എ ജോണ്‍. 1968ല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ടി ഓ ബാവക്കെതിരെ എം എ ജോണ്‍ തത്വാധിഷ്ഠിതമായി മത്സരിച്ചിട്ടുണ്ട്. സമാനമായി എ ഐ സിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ദൃഢനിശ്ചയത്തിന് ശശി തരൂരിന് അവാര്‍ഡ് നല്‍കണം എന്നായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതിയുടെ ആദ്യ തീരുമാനം. ഇതിനായി മുന്‍ കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയും തൃശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി വി കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുന്‍ പ്രസിഡന്റ് എഡിറ്റര്‍ എന്‍ ശ്രീകുമാര്‍, എം എ ജോണിന്റെ കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ആനന്ദ് കൊച്ചു കൂടി എന്നിവരടങ്ങുന്ന മൂന്നംഗ അവാര്‍ഡ് കമ്മിറ്റിയെയും നിശ്ചയിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ ഡോ. ശശി തരൂര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരുടെ പേരുകള്‍ പുരസ്‌കാരത്തിന് അവാര്‍ഡ് നിര്‍ണയ സമിതിപരിഗണിച്ചു. ശശി തരൂരിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച് വിവരം എം എ ജോണിന്റെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ആനന്ദ് കൊച്ചുകൂടി ജനുവരി 26 നു കോഴിക്കോട്ടെത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ശശിതരൂരിനെ സന്ദര്‍ശിച്ച് അവാര്‍ഡ് അദ്ദേഹത്തിനാണ് എന്ന് അറിയിച്ചു. അവാര്‍ഡ് സമര്‍പ്പണത്തിനായി തരൂരിന്റെ ഡേറ്റും വാങ്ങി. 2025 ഏപ്രില്‍ 13നാണ് ശശി തരൂരിന് അവാര്‍ഡ് സമ്മാനിക്കുവാന്‍ തീരുമാനിച്ചത്.തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് ശശി തരൂരിന് അവാര്‍ഡ് സമ്മാനിക്കുവാന്‍ തീരുമാനിച്ച പരിപാടിയുമായി മുന്നോട്ടു പോകവേ ഫെബ്രുവരി 13ന് തരൂര്‍ ഒരു പത്രത്തില്‍ എഴുതിയ കോളം വിവാദമായി.
ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പ്രശംസിച്ചിരുന്നു.കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെയും ശശി തരൂര്‍ അഭിനന്ദിച്ചു. ഇതോടെ തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ശശി തരൂര്‍ അനഭിമതനായി. പുരസ്‌കാര സമിതിയിലെ മറ്റ് അംഗങ്ങള്‍ പുരസ്‌കാര ത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അവാര്‍ഡ് ദാന സമ്മേളനം റദ്ദാക്കിയ വിവരം ശശി തരൂരിനോട് നേരിട്ട് പറയാതെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ച് ആരോടോ പറഞ്ഞു.
ഈ വസ്തുതകള്‍ വെളിപ്പെടുത്തിക്കൊണ്ട് ആനന്ദ് കൊച്ചുകുടി തന്റെ എക്‌സ് അക്കൗണ്ടിലും കൊച്ചി പോസ്റ്റ് എന്ന ബ്ലോഗിലും വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറഞ്ഞത് തൃശൂരിലെങ്കിലും കെ.വി. ദാസന്‍, ജോസ് ജേക്കബ് തുടങ്ങിയ സംശയാസ്പദമായ നിലപാടുള്ള നേതാക്കളുടെ പാര്‍ട്ടിയായി മാറിയെന്ന് ആനന്ദ് കൊച്ചുകുടി കുറ്റപ്പെടുത്തുന്നു. അവര്‍ സ്വന്തം പണത്തിനോ ഭൗതിക നേട്ടങ്ങള്‍ക്കോ വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കുകയും നേതാക്കള്‍ക്ക് പുരസ്‌കാരങ്ങല്‍ നല്‍കുകയും ചെയ്യുന്നു. അടുത്ത വര്‍ഷം കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവര്‍ക്ക്, ഈ സംഭവം ആ പാര്‍ട്ടി എത്രത്തോളം തകര്‍ന്നു എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലായിരിക്കും.