ന്യൂഡല്‍ഹി: വലിയ വിവാദം നിലനില്‍ക്കേ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. ഡല്‍ഹിയില്‍ ഇന്നലെ വൈകിട്ട് ഇരുവരും കൂടിക്കാഴ്ച നടത്തയതായും കെപിസിസി പുന:സംഘടനയില്‍ സഹകരണവും പിന്തുണയും ആവശ്യപ്പെട്ടതായും സണ്ണി ജോസഫ് പറഞ്ഞു. ബിജെപി നേതൃത്വത്തിനെ നിരന്തരം പുകഴ്ത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ശശി തരൂരുമായി സണ്ണിജോസഫ് ആദ്യമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്്. എല്ലാ പിന്തുണയും, സഹകരണവും തരൂര്‍ വാഗ്ദാനം ചെയ്തതായും കൂട്ടിച്ചേര്‍ത്തു.
ശശിതരൂരിനെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയായിരുന്നു സണ്ണിജോസഫ് കണ്ടത്. ശശിതരൂരുമായി രാഷ്ട്രീയവും സംഘടനാ കാര്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും പറഞ്ഞു. കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടാണ് കെപിസിസി അദ്ധ്യക്ഷന്‍ കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ദേശീയനേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും, രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തും. ദീപ ദാസ് മുന്‍ഷിയും കെപിസിസി അദ്ധ്യക്ഷനൊപ്പമുണ്ട്. എം കെ രാഘവന്‍, കോടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ആന്റോ ആന്റണിയും തമ്മിലും രമേശ് ചെന്നിത്തല, കൊടിക്കുന്നേല്‍ സുരേഷ് കൂടിക്കാഴ്ച്ചയും നടന്നിരുന്നു.