
കണ്ണൂര്‍: നരേന്ദ്രമോദിയുടെ ഫാന്‍സ് അസോസിയേഷന്റെ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റാണ് ശശി തരൂരെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ തദ്ദേശീയ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്‌ട്രപ്രസിഡന്‍റായതിന്റെ പേരില്‍ ഇന്ന് കേരളത്തിലെ ഏറ്റവും ഗ്ലാമറസ് പൊളിറ്റീഷനായി തരൂര്‍ മാറിയെന്നും അബ്ദുള്ളക്കുട്ടി. . നരേന്ദ്രമോദിയുടെ വികസന പൊളിറ്റിക്‌സിന് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. പണ്ട് കേരളത്തില്‍ നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്‍ കേരളത്തില്‍ തുടങ്ങിയ ആളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇത്രയധികം രാഷ്‌ട്രീയ പോരാട്ടം നടന്ന ഒരുപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അതിന് കാരണം കേരളത്തിലെ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യമാണ്. സ്വര്‍ണ്ണക്കൊള്ള, സഹകരണക്കൊള്ള, പാവപ്പെട്ട പെന്‍ഷന്‍കാരുടെ പെന്‍ഷനില്‍നിന്നുപോലും അടിച്ചുമാറ്റുന്ന അടിമുടി അഴിമതിവല്‍ക്കരിക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരായ വമ്പിച്ച പ്രതികരണമായിട്ടാണ് വന്നിട്ടുള്ളത്.
സ്വര്‍ണ്ണക്കൊള്ള ഈ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംഭവമൊക്കെ വിവാദമാക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെ എസ്എഫ്‌ഐഒ കേസില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പോലും ശബരിമലക്കൊള്ള മറച്ചുവയ്‌ക്കാന്‍ സാധിക്കില്ല. – അബ്ദുള്ളക്കുട്ടി പറഞ്ഞു.
വികസനമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനചര്‍ച്ചാവിഷയം. രാജീവ് ചന്ദ്രശേറിന്റെ നേതൃത്വത്തില്‍ ബിജെപി മുന്നോട്ടുവയ്‌ക്കുന്ന വികസികകേരളമെന്ന ആശയത്തിന് വലിയ സാധ്യതയുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായ ശക്തിയായി ബിജെപിയുടെ അംഗങ്ങള്‍ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി.