ന്യൂദല്‍ഹി:വിസ്മയ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്,രാജേഷ് ബിന്ദല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നോട്ടീസ് അയച്ചത്.
പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ തവണ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി ഇതേ ആവശ്യവുമായി ഹൈക്കോടതിയിലെത്തിയെങ്കിലും ഇതുവരെ തീരുമാനമാകാത്തതിനാലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് കിരണിന്റെ വാദം.അഡ്വക്കേറ്റ് ദീപക് പ്രകാശ് ആണ് കിരണിന് വേണ്ടി ഹാജരായത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്മയ 2021 ജൂണില്‍ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം കഴിച്ച് നല്‍കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്ന് വിസ്മയയുടെ കുടുബാംഗങ്ങള്‍ പറയുന്നു. തനിക്ക് ഇഷ്ടപ്പെടാത്ത കാറാണ് വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയായിരുന്നു പീഡനം.
കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിച്ചിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമൊന്നും വിസ്മയ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്.