ബിഹാറില്‍ ശിവക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ഔറംഗാബാദിലെ ശിവക്ഷേത്ര പരിസരത്ത് വെച്ച് 28 വയസുള്ള വസീം എന്ന മുസ്ലിം യുവാവിനെ 7 പേരടങ്ങുന്ന ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ വസീമിന് ഗുരുതരമായി പരിക്കേറ്റു, ഇത് മരണത്തിലേക്ക് നയിച്ചു. വെള്ളം കുടിക്കാന്‍ വസീം ക്ഷേത്രപരിസരത്ത് കയറിയപ്പോഴാണ് സംഭവം നടന്നത്. അക്രമികള്‍ വസീമിനെ കായികമായി നേരിടുകയും കള്ളനാണെന്ന് ആരോപിച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ നിന്ന് ജോലി ചെയ്തിരുന്ന വസീം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആക്രമണമുണ്ടായ ദിവസം ശിവക്ഷേത്രത്തിന് സമീപമായിരുന്നു വസീം ഉറങ്ങിയത്. പിന്നാലെ ദാഹം മാറ്റാന്‍ വസീം ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വെള്ളം കുടിക്കാന്‍ ഹാന്‍ഡ് പമ്പിനടുത്തേക്ക് ചെന്നപ്പോള്‍, വസീമിന്റെ നീണ്ട മുടിയും താടിയും കണ്ട്, അവിടെയുണ്ടായിരുന്ന ആളുകള്‍ക്ക് വസീം ക്ഷേത്രത്തിലെ ഒരു മോട്ടറോ മണിയോ മോഷ്ടിക്കാന്‍ വന്നതാണെന്ന് ആരോപിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഏഴ് പേര്‍ ചേര്‍ന്ന് വസീമിനെ ക്ഷേത്രത്തിനുള്ളിലെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ആക്രമണം ഉണ്ടായതിന് പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ എമര്‍ജന്‍സി നമ്പര്‍ 112 വഴി പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വസീമിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസ് വസീമിനെ തടങ്ങളില്‍ വെക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ കഠിനമായ വയറുവേദനയുണ്ടെന്ന് വസീം പറഞ്ഞതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെവെച്ച് ചികിത്സ നല്‍കിയെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കുകള്‍ മൂലം വസീം മരണപ്പെട്ടു.
ഭാരമുള്ള വസ്തുക്കള്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് വസീമിന് ആന്തരിക പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ വസീം മാതാപിതാക്കള്‍ മരിച്ചതിനുശേഷം, ഔറംഗാബാദിലെ മാലി മൊഹല്ല ജില്ലയിലാണ് താമസിച്ചിരുന്നത്. തമന്ന എന്ന യുവതിയെ വിവാഹം കഴിക്കുകയും ഇരുവര്‍ക്കും അഞ്ച് വയസുള്ള കുഞ്ഞുമുണ്ട്.
സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കേസില്‍ അടിയന്തരവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് ജനങ്ങള്‍ പ്രതിഷേധിച്ചു. വസീമിന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നല്‍കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.