• Sat. Dec 6th, 2025

24×7 Live News

Apdin News

ശിവഗംഗയിലെ വീരാംഗനകൾ; റാണി വേലുനാച്ചിയാറുടെ ചരിത്രവിജയവും കുയിലിയുടെ ജീവത്യാഗവും പുതുജനതയ്‌ക്ക് പ്രചോദനം

Byadmin

Dec 6, 2025



ധീരതയുടെ പ്രതീകമായ റാണി വേലുനാച്ചിയാറിനെ കുറിച്ച് അറിയാമോ.? ആത്മസമർപ്പണത്തിന്റെ തീയിൽ സ്വയം എരിഞ്ഞടങ്ങിയ കുയിലിയെ എത്ര പേർക്കറിയാം? ചരിത്രത്തിലിടം പിടിച്ചിട്ടും അവരുടെ കഥകൾ വാഴ്‌ത്തപ്പെടാതെ പോകുന്നത് എന്ത് കൊണ്ട്? നമ്മുടെ മക്കൾ ഈ കഥകൾ അറിഞ്ഞല്ലേ വളരേണ്ടത്? വാമൊഴിയും വരമൊഴിയും വഴി കഥകൾ കൈമാറി വന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എന്ത് കൊണ്ട് നമുക്ക് ഈ കഥകളെ കൂടുതൽ ജനകീയം ആക്കിക്കൂടാ.? സൂപ്പർ മാൻ, സ്പൈഡർ മാൻ, തുടങ്ങിയ അമാനുഷിക ശക്തികളെ നമ്മുടെ കുഞ്ഞുങ്ങൾ കൂട്ട് പിടിക്കുമ്പോൾ ജീവിച്ചിരുന്ന ആരും അറിയാതെ പോയ വീരന്മാരെയും, ധീരകളെയും അവരുടെ മുന്നിൽ എത്തിക്കുന്നതിൽ കൂടുതൽ ഈ ഡിജിറ്റൽ യുഗത്തിന് എന്താണ് ചെയ്യാനുള്ളത്.?

ഝാൻസി റാണി ലക്ഷ്മിഭായിയെപ്പോലെ തന്നെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട വ്യക്തിത്വങ്ങൾ ആണ് റാണി വേലുനാച്ചിയാറും കുയിലിയും. രാജ മുത്തു വടുകനാഥ തേവർ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ശേഷം റാണിയുടെ നേതൃത്വത്തിൽ ‘ഉടയാൾപ്പട’ എന്ന പേരിൽ ധീരകളായ വനിതകളുടെ ഒരു സേന രൂപീകരിക്കുകയും രഹസ്യമായി കുതിര സവാരിയും വാൾപ്പയറ്റും പരിശീലിക്കുകയൂം, വളരി, സിലമ്പു തുടങ്ങിയ ആയുധങ്ങൾ അഭ്യസിക്കുകയും ചെയ്തു. റാണിയുടെ വിശ്വസ്തയായ കുയിലി ആയിരുന്നു ആ സേനയുടെ സേനാധിപതി. ശിവഗംഗ കോട്ടയ്‌ക്കകത്തുള്ള രാജരാജേശ്വരി ക്ഷേത്രത്തിൽ ആയിരുന്നു ബ്രിട്ടീഷുകാരുടെ ആയുധശേഖരം. വിജയദശമി ദിവസം മാത്രമാണ് നാട്ടുകാരായ സ്ത്രീകൾക്ക് കോട്ടയ്‌ക്കകത്തും, ക്ഷേത്രത്തിലും പ്രവേശനം ഉണ്ടായിരുന്നത്. പൂജയ്‌ക്ക് എത്തിയ സാധാരണ സ്ത്രീകളെ പോലെ വേഷം ധരിച്ചു, വലിയ താലത്തിൽ പൂക്കളുടെയും, പഴങ്ങളുടെയും അടിയിൽ ആയുധമൊളിപ്പിച്ചു വേലു നാച്ചിയാറുടെയും കുയിലിയുടെയും നേതൃത്വത്തിൽ ഉടയാൾപ്പട ക്ഷേത്രത്തിൽ പ്രവേശിച്ചു. കാവൽ നിൽക്കുന്ന ബ്രിട്ടീഷ് – നവാബ് സഖ്യത്തിന്റെ പടയെ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിന് ബ്രിട്ടീഷ് – നവാബ് പട പ്രത്യാക്രമണവും തുടങ്ങി. തോക്കും, പീരങ്കിയും, മറ്റു പടക്കോപ്പുകളും സൂക്ഷിച്ച ആയുധപ്പുര നശിപ്പിക്കുക എന്ന ഉദ്യമം സ്വയം ഏറ്റെടുത്ത് ദേഹമാസകലം നെയ്യും, എണ്ണയും ഒഴിച്ച കുയിലി സ്വയം തീകൊളുത്തി പോർവിളിയോടെ ആയുധപ്പുരയിലേക്ക് ഓടിക്കയറി. കത്തിയമർന്ന ആയുധങ്ങളുടെയിടയിൽ കുയിലിയുടെ ജീവനും പൊലിഞ്ഞു. കോട്ട പിടിച്ചടക്കാൻ കുയിലിയുടെ ജീവത്യാഗത്തിലൂടെ റാണി വേലു നാച്ചിയാർക്ക് കഴിഞ്ഞു. ശിവഗംഗ ഡിസ്ട്രിക്ടിനു സമീപമുള്ള മുത്തുപട്ടി ഗ്രാമത്തിൽ, ‘തീപാഞ്ചി അമ്മൻ (തീയിൽ ചാടിയ ദേവി) എന്ന പേരിൽ കുയിലിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ആണ് വേലു നാച്ചിയാറും (1730-96) കുയിലിയും (1749-80) ജീവിച്ചിരുന്നത്. 2014 – ൽ തമിഴ് നാട് ഗവണ്മെന്റ് കുയിലിക്കായി ശിവഗംഗ ഡിസ്ട്രിക്ടിൽ ഒരു സ്മാരകം ഉണ്ടാക്കുകയും 2024 – ൽ കുയിലിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു. 2022 – ൽ നടത്തിയ റിപ്പബ്ലിക്ക് ഡേ പരേഡിൽ തമിഴ് നാട് ഗവണ്മെന്റ് അവതരിപ്പിച്ച ടാബ്ലോയിൽ റാണി വേലുനാച്ചിയാറിനെയും, കുയിലിയെയും ഉൾപ്പെടുത്തിയത് വഴി അവരുടെ ജീവചരിത്രം ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞു. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള റാണി വേലുനാച്ചിയാറുടെ ചരിത്രവിജയവും, കുയിലിയുടെ ജീവത്യാഗവും വെറും കഥകൾ മാത്രമല്ല, ധൈര്യവും ആത്മവിശ്വാസവും തുളുമ്പേണ്ട പുതുജനതയ്‌ക്കുള്ള പ്രചോദനം കൂടി ആണ്.

By admin