
തിരുവനന്തപുരം: ഹിന്ദുവിശ്വാസികളെ അവഹേളിച്ചുകൊണ്ട് ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന ചിത്രം അച്ചടിച്ച സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ജില്ലാ സമിതിയാണ് ലോട്ടറി റദ്ദാക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശിവലിംഗത്തിന് മുകളിലൂടെ യോനിയില്‍ നിന്നും രക്തം വീഴുന്ന ചിത്രം ആലേഖനം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ക്രമസമാധാന ലംഘനം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടുകൂടി ബോധപൂര്‍വ്വം ചെയ്തതാണിത്. ലോട്ടറി രൂപകല്‍പന, അച്ചടി, പ്രസിദ്ധീകരണം എന്നിവയ്‌ക്ക് പിന്നിലുള്ള ആളുകള്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 299, 302, 352, 3(5) പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കണമെന്നും ടിക്കറ്റ് റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടി ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന ചിത്രം ആലേഖനം ചെയ്തതിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിലേക്ക് ഇന്ന് നാമജപ പ്രതിഷേധ പരിപാടി ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരള ക്ഷേത്ര സംരക്ഷണ സമിതി മഹാനഗര്‍ ജില്ലയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11 നാണ് വികാസ് ഭവനിലുള്ള ലോട്ടറി ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തുന്നത്.
അതിനിടെ ന്യായീകരണവുമായി ലോട്ടറി വകുപ്പ്. സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ മതചിഹ്നങ്ങളോ അതിന്റെ വികലമായ ചിത്രീകരണങ്ങളോ ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ന്യായീകരണവുമായി ലോട്ടറി വകുപ്പ്. അബ്‌സ്ട്രാക്ട് രീതിയിലുള്ള പെയിന്റിങ് ആയതിനാല്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള രൂപങ്ങളുടെ നിര്‍വചനം സാധ്യവുമല്ലെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ ന്യായീകരണം.
സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ചിത്രങ്ങള്‍ അച്ചടിക്കുന്നതിനായി ലളിതകലാ അക്കാദമിയും ഭാഗ്യക്കുറി വകുപ്പും തമ്മില്‍ കരാറുണ്ട്. ഇത് പ്രകാരം വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളാണ് ലളിതകലാ അക്കാദമി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് ലഭ്യമാക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്നുമാണ് ഭാഗ്യക്കുറി വകുപ്പിന്റെ മറുപടി.