• Sat. Aug 2nd, 2025

24×7 Live News

Apdin News

ശിഹാബ് തങ്ങള്‍ അപൂര്‍വ്വ മനുഷ്യന്‍; ഓര്‍മ്മ ദിനത്തില്‍ തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരി സുധ മേനോന്‍ – Chandrika Daily

Byadmin

Aug 2, 2025


കോഴിക്കോട്- ഓര്‍മ്മ ദിനത്തില്‍ ശിഹാബ് തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ സുധ മേനോന്‍. 1975 മുതല്‍ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്ട്രീയപാര്‍ട്ടി സംസ്ഥാന അധ്യക്ഷനായും ആത്മീയ നേതാവായും, മികച്ച സാമൂഹ്യപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ സംഭാവനകളെ കുറിച്ചും കേരള സമൂഹത്തിലെ ലീഗിന്റെ സംഭാവനകളെ കുറിച്ചും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുകയായിരുന്നു എഴുത്തുകാരി.

ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം ശിഹാബ് തങ്ങള്‍ തടഞ്ഞു. വിഭിന്ന മതവിശ്വാസികള്‍ ജീവിക്കുന്ന നാട്ടില്‍, രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്‍ഘദര്‍ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നെന്നും സുധ മേനോന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പലയിടത്തും കലാപങ്ങള്‍ ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്‍കിയത് അതുകൊണ്ടുതന്നെയാണെന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വൈവിധ്യങ്ങളെയും മതസ്വത്വങ്ങളെയും പരസ്പരം ആദരിക്കുന്ന സഹജീവിതമാണ് ഏതൊരു ബഹുസ്വരസമൂഹത്തിന്റെയും നിലനില്‍പ്പിന് അനിവാര്യം. അയല്‍ക്കാരനെ ‘അപരനായി’ കാണാന്‍ തുടങ്ങുന്നതോടെയാണ് അവിശ്വാസത്തിന്റെയും, അന്യവല്‍ക്കരണത്തിന്റെയും, വെറുപ്പിന്റെയും വിത്തുകള്‍ മനുഷ്യര്‍ക്കിടയില്‍ മുള പൊട്ടുന്നത്. ആ വിത്തുകള്‍ പിന്നീട് വലിയ വര്‍ഗീയകലാപങ്ങളായി മാറുന്നു. മുറിവുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. പഴുത്തു വ്രണമായാല്‍ ചികിത്സ എളുപ്പമല്ല.

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം ഇപ്പോഴും അനന്യമായ ഒരു ചെറുതുരുത്തായി നിലനില്‍ക്കുന്നതിന്റെ കാരണം മുറിവുകള്‍ പഴുത്ത് വ്രണമാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിച്ച വിവേകശാലികളായ രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ ഇന്നാട്ടില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍’ എന്ന് കുമാരനാശാന്‍ എഴുതിയതും ഇതുപോലുള്ള മനുഷ്യരെക്കുറിച്ചാണ്. പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അങ്ങനെയുള്ള ഒരപൂര്‍വ മനുഷ്യനായിരുന്നു.

നിരവധി അടരുകള്‍ ഉള്ള വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത് . 1975 മുതല്‍ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. അദ്ദേഹം ഒരേ സമയം ആത്മീയനേതാവും, എഴുത്തുകാരനും, ബഹുഭാഷാ പണ്ഡിതനും, മികച്ച സാമൂഹ്യപ്രവര്‍ത്തകനും ആയിരുന്നു. ദിവസേന വിദൂരദിക്കുകളില്‍ നിന്നു പോലും തങ്ങളെ തേടിവരുന്ന സാധാരണ മനുഷ്യര്‍ക്ക് അദ്ദേഹം എന്നും അഭയവും, വഴിവിളക്കുമായി. പേരറിയാത്ത ആ മനുഷ്യര്‍ക്ക് വേണ്ടി കൊടപ്പനക്കല്‍ തറവാട്ടിലെ ഗേറ്റുകള്‍ എന്നും തുറന്നിട്ടു. കാറ്റും കോളും നിറഞ്ഞ മുന്നണി രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിക്കുകയോ ആക്രോശിക്കുകയോ ചെയ്യാതെ തന്നെ, സൌമ്യമായും പക്വമായും സ്വന്തം പാര്‍ട്ടിയുടെയും ഐക്യമുന്നണിയുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്ലിങ്ങള്‍ സാമൂഹ്യമായും വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള ചാലകശക്തിയായി ലീഗിനെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചു.

പക്ഷെ, സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മനുഷ്യനെ ആധുനിക കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടത് ഈ സംഭാവനകള്‍ കാരണം മാത്രമല്ല. ഏറ്റവും സ്‌ഫോടനാത്മകമായ ഒരു പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹം കാണിച്ച സംയമനത്തിന്റെയും വിവേകത്തിന്റേയും ഉദാത്തമായ മതേതര മാനവികതയുടെയും കൂടി പേരിലാണ്. ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം അദ്ദേഹം തടഞ്ഞു. വിഭിന്ന മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍, രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്‍ഘദര്‍ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ പലയിടത്തും കലാപങ്ങള്‍ ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്‍കി. തീവ്രവാദങ്ങള്‍ക്ക് നേരെ അദ്ദേഹം അതിശക്തമായ പ്രതിരോധമുയര്‍ത്തി. അതുകൊണ്ടാണ് ശിഹാബ് തങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞ ദിവസം- 2009 ആഗസ്റ്റ് ഒന്നാം തിയതി- ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം എഴുതിയ മുഖപ്രസംഗത്തില്‍ അദ്ദേഹത്തെ ‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രവാചകന്‍’ എന്ന് മനോഹരമായി വിശേഷിപ്പിച്ചത്.

അക്കാലത്ത് തങ്ങള്‍ പ്രഖ്യാപിച്ചത് അതുപോലെ അനുസരിച്ച അദ്ദേഹത്തിന്റെ അനുയായികള്‍ സഹോദരസമുദായങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ ഒരൊറ്റ കല്ല് പോലും എറിഞ്ഞില്ല. ശിഹാബ് തങ്ങളുടെ പക്വമായ ഇടപെടലും, കഠിനാധ്വാനവും, ഊര്‍ജ്ജവും ആണ് ലീഗിനെയും ഐക്യ ജനാധിപത്യ മുന്നണിയെയും ആ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചത്. പിന്നീട്, 2007ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപുറത്ത് തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുരവാതില്‍ സാമൂഹ്യവിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയപ്പോള്‍, ആ തീ സമൂഹത്തിലേക്ക് പടര്‍ന്നു പിടിക്കാതെ കെടുത്താന്‍ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ അതിവേഗം മുന്നിട്ടിറങ്ങി. തകര്‍ന്നുപോയ ഗോപുരവാതിലിന്റെ പുനരുദ്ധാരണത്തിന് ആദ്യത്തെ സംഭാവന നല്‍കിയതും തങ്ങള്‍ ആയിരുന്നു.

ബഹുസ്വര-മതേതര ജനാധിപത്യത്തിന്റെ വഴികള്‍ നേര്‍രേഖ പോലെ തെളിഞ്ഞതല്ലെന്നും, മുന്നില്‍ ഇരുട്ട് നിറയുമ്പോള്‍ തിരിച്ചറിവിന്റെ വിളക്ക് കത്തിച്ചുകൊണ്ട് വീണ്ടും വഴി കണ്ടുപിടിക്കേണ്ടത് പൌരന്മാരും, സമുദായങ്ങളും, വിവിധ രാഷ്ട്രീയപാര്‍ട്ടികളും,മാധ്യമങ്ങളും, പൊതുസമൂഹവും ഒന്നിച്ചു നിന്നു കൊണ്ടാണ് എന്നും അദ്ദേഹം ജീവിതകാലം മുഴുവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സഹജീവനത്തിന്റെ സാധ്യതകളെ ശിഹാബ് തങ്ങള്‍ എപ്പോഴും ശക്തിപ്പെടുത്തി.

ശിഹാബ് തങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസിലേക്ക് കടന്നു വരുന്നത് മഹാകവി അക്കിത്തത്തിന്റെ വരികളാണ്..

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്‌ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മ്മലപൗര്‍ണ്ണമി…’

രാഷ്ട്രീയത്തിലും, സാമൂഹ്യപ്രവര്‍ത്തനത്തിലും ആത്മീയതയുടെയും, സ്‌നേഹത്തിന്റെയും മാനവികതയുടെയും നിലാവ് പടര്‍ത്തിയ ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ദീപ്ത സ്മരണങ്ങള്‍ക്ക് മുന്നില്‍ പ്രണമിക്കാം



By admin