• Tue. Aug 5th, 2025

24×7 Live News

Apdin News

ശിഹാബ് തങ്ങള്‍ ഹൃദയങ്ങള്‍ക്കിടയിലെ മതിലുകളെ ഇല്ലാതാക്കി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Byadmin

Aug 5, 2025


ഹൃദയങ്ങള്‍ക്കിടയില്‍ മതിലുകള്‍ ഇല്ലാതാക്കിയ നേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രവാചകന്മാര്‍ പിന്‍പറ്റിയ മൂല്യങ്ങളെയാണ് ശിഹാബ് തങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചത്. അത് സ്‌നേഹത്തിന്റെ, കരുണയുടെ, ദയയുടെ, അനുകമ്പയുടെ വെളിച്ചമയി സാധാരണക്കാരിലേക്ക് പകര്‍ന്നു. സൂഫി ധാരയിലൂടെയായിരുന്നു തങ്ങളുടെ പ്രയാണം. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ന് ലോകനേതാക്കള്‍ കരുണവറ്റിയവരായി മാറി. ഹിറ്റ്‌ലറേക്കാള്‍ ക്രൂരമായി പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു തള്ളുമ്പോള്‍ ചിലര്‍ മൗനം തുടരുന്നു. പട്ടിണികിടന്ന് മരണത്തെ മുഖാമുഖം കാണുമ്പോള്‍ പലരും ചിരിക്കുകയാണ്. അവിടെയാണ് യാസര്‍ അറഫത്ത് ജീവിച്ചിരുന്ന കാലത്ത് ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയ കാരുണ്യത്തിന്റെ മൂല്യങ്ങള്‍ പ്രസക്തമാകുന്നത്. അതുകൊണ്ട് തന്നെയാണ് മനുഷ്യ സ്‌നേഹത്തിന്റെ അണയാത്ത വെളിച്ചമായി തങ്ങള്‍ മാറിയതെന്നും സദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍, തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരി, ഓര്‍ത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി റവ. ഫാ. ബോബി പീറ്റര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നന്ദി പറഞ്ഞു. ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിച്ചു.

By admin