• Mon. Aug 25th, 2025

24×7 Live News

Apdin News

ശുഭാംശു ശുക്ലയെ ലോക്‌സഭ ആദരിച്ചു; കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു

Byadmin

Aug 19, 2025



ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ഭാരതത്തില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയെ ലോക്‌സഭ ആദരിച്ചു. ശുഭാംശുവിന്റെ യാത്ര രാജ്യത്തിന് പ്രചോദനമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ശുഭാംശുവിന്റെ യാത്ര 140 കോടി ഭാരതീയര്‍ക്ക് അഭിമാനവും പ്രചോദനവുമാണ്. ഭാരതത്തിന്റെ ബഹിരാകാശ മേഖലയുടെ ശക്തിയും വളര്‍ച്ചയും ലോകം കണ്ടുവെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം ലോക്‌സഭയില്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി, സഭ അലങ്കോലമാക്കി. പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ ലോക്‌സഭ പിരിഞ്ഞു.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഭാരതത്തിന്റെ ആദ്യ ബഹിരാകാശയാത്രികന്‍, 2047 ഓടെ വികസിത ഭാരതത്തിനായി ബഹിരാകാശ പദ്ധതിയുടെ നിര്‍ണായക പങ്ക്’ എന്ന വിഷയത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പ്രത്യേക ചര്‍ച്ച നടത്തിയത്. പ്രതിപക്ഷ മുന്നണി ചര്‍ച്ച ബഹിഷ്‌കരിച്ചു. ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കിരണ്‍ റിജിജു പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ആവശ്യം തള്ളി.

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാത്രമാണ് ശുഭാംശു ശുക്ലയെ അഭിനന്ദിച്ചത്. പ്രതിപക്ഷം പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാല്‍, കമാന്‍ഡര്‍ ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) സമീപകാല ദൗത്യം അഭിമാന നേട്ടം ആണെന്ന് ഞാന്‍ അറിയിക്കുന്നു എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന് മറുപടിയായി ശശി തരൂര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

അതേസമയം, രാജ്യത്തിന് അഭിമാനകരമായ നിമിഷത്തില്‍ പ്രതിപക്ഷം ബഹളം വയ്‌ക്കുന്നതില്‍ വലിയ പ്രയാസമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് പറഞ്ഞു. സര്‍ക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിര്‍പ്പ് കാണിക്കാം. പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിര്‍പ്പ്. ഭൂമിയോടും ആകാശത്തിനോടും ബഹിരാകാശത്തിനോടും പ്രതിപക്ഷത്തിന് ഇപ്പോള്‍ എതിര്‍പ്പാണോ എന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന്റെ നിരാശയില്‍ നിന്നാണ് ഇപ്പോള്‍ ഈ പ്രതിഷേധം ഉയരുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.

ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ശുഭാംശു ശുക്ല ജൂണ്‍ 26നാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ എത്തിയത്. ദൗത്യത്തിന്റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച ശേഷം അദ്ദേഹം ജൂലൈ 15നാണ് തിരികെ എത്തിയത്.

By admin