
ഇന്ത്യന്‍ സിനിമയ്‌ക്ക് സമാന്തര ഭാഷയും ധാരയും നല്‍കിയ സംവിധായകരില്‍ പ്രമുഖ ചലച്ചിത്രസംവിധായകനായിരുന്നു ശ്യാംബെനഗല്‍. 2025 ഡിസംബര്‍ 23ന് ശ്യാംബെനഗല്‍ എന്ന അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയുടെ ഫ്രെയിമില്‍ ഒരു വര്‍ഷംതികയുന്നു. ഇന്ത്യന്‍ സമാന്തര സിനിമയുടെ ദേശീയ ചരിത്രത്തെ കൂടി പല രീതികളില്‍ ബെനഗലിന്റെ ചലച്ചിത്രസപര്യ രേഖപ്പെടുത്തുന്നുണ്ട്. ബെനഗല്‍ ചിത്രങ്ങള്‍ വിവിധ കാരണങ്ങള്‍കൊണ്ടാണ്അനന്യമാകുന്നത്. അതില്‍ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയുടെ സമ്പന്നതയുംവൈവിധ്യവുമാണ്.
ശ്യാംബെനഗല്‍ തന്റെ ജീവിതത്തില്‍ താരതമ്യേന വൈകിയാണ് മുഴുനീള കഥാ ചിത്ര സംവിധാനത്തിലേക്ക് കടന്നത്. 1934 ല്‍ ജനിച്ച ബെനഗല്‍ തന്റെ ആദ്യ ചിത്രമായ അങ്കൂര്‍ ചിത്രീകരിക്കുന്നത് 1973 ലാണ്. അതിനു മുന്‍പ് തന്നെ അദ്ദേഹം ഒട്ടനവധി പരസ്യചിത്രങ്ങളും, രേഖാചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും നിര്‍മ്മിച്ചിരുന്നു. ഈ മാധ്യമ പരിചയംബെനഗല്‍ ചിത്രങ്ങള്‍ എപ്പോഴും പുലര്‍ത്താറുള്ളസാങ്കേതിക മികവില്‍ പ്രകടമായി തന്നെ കാണാം. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും, ഛായാഗ്രഹണം, സന്നിവേശനം, ശബ്ദലേഖനം, സംഗീതംതുടങ്ങിയ മേഖലകളില്‍ എല്ലാം ശ്യാംബെനഗലിനുള്ള കയ്യടക്കം ശ്രദ്ധേയമാണ്. മറ്റൊരു സവിശേഷത അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വൈവിധ്യമാണ്.
ആദ്യകാല റിയലിസ്റ്റിക് ശൈലിയിലുള്ള ചിത്രങ്ങളില്‍ തുടങ്ങി സാഹിത്യകൃതികളെയും ചരിത്രപുരുഷന്മാരെകുറിച്ചുമുള്ള ചിത്രങ്ങളും കുട്ടികള്‍ക്കാ യുള്ള സിനിമയും പിന്നീട് ജനപ്രിയ ശൈലികള്‍പിന്‍പറ്റുന്ന സമകാലിക ചിത്രങ്ങള്‍ വരെ അദ്ദേഹത്തിന്റെതായിട്ടുണ്ട്. പലസ്ഥലങ്ങളെയും കാലഘട്ടങ്ങളെയും ഈ ആഖ്യാനങ്ങള്‍ പശ്ചാത്തലമാക്കി. ഗ്രാമീണ ഇന്ത്യയും ചരിത്രവും ആണ് ബെനഗലിന്റെ ഇഷ്ട സ്ഥലകാല പരിസരം. കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യലബ്ദി, തീവ്രവാദ പ്രസ്ഥാനങ്ങള്‍, ദേശീയവികസന പദ്ധതികള്‍, വര്‍ഗീയതയുടെ ഉദയം, ആഗോളവല്‍ക്കരണം തുടങ്ങികഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഇന്ത്യന്‍ ചരിത്രത്തിലെ മാറ്റങ്ങളും ഗതിവിഗതികളും ബെനഗല്‍ ചിത്രങ്ങളില്‍ പ്രതിപാദ വിഷയമാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ശ്യാംബെ നഗലിന്റെ സിനിമാ ജീവിതത്തെ ഏറെസ്വാധീനിച്ചത് സത്യജിത്‌റായ് ആയിരുന്നു. പഥേര്‍പാഞ്ചാലിയില്‍ തുടങ്ങുന്ന റായ് സിനിമകളുടെ ലാളിത്യവും ഗ്രാമ്യയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരവും ബെനഗലിനെ കൂടുതല്‍ ആകര്‍ഷിച്ചു. തന്റെ ചലച്ചിത്ര അവബോധം കരുപ്പിടിപ്പിക്കുന്നതില്‍ റായ് സിനിമകളുടെ പങ്ക് അദ്ദേഹം ആവര്‍ത്തിച്ച് പറയാറുണ്ട്.
ഇന്ത്യന്‍ നവതരംഗപ്രസ്ഥാനത്തെ പൂര്‍ണ്ണമായുംശ്യാംബെനഗല്‍ പ്രതിനിധാനം ചെയ്യുന്നില്ല. നവതരംഗത്തിന്റെ ആവിഷ്‌കാര സംഗീതങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് ഹിന്ദി റിയലിസ്റ്റിക് സിനിമകളുടെ പാത സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ നവതരംഗത്തിന്റെ റിയലിസ്റ്റിക് മുഖമാവുകയായിരുന്നശ്യാംബെ നഗല്‍. ആഖ്യാനത്തില്‍ പുതുമ തേടുമ്പോഴും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ മുഖം അദ്ദേഹം മറയ്‌ക്കുന്നില്ല. തന്റെ അരനൂറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്രകാലത്തില്‍ സംവിധാനംചെയ്ത എല്ലാ ചിത്രങ്ങളിലും അദ്ദേഹം ഈ നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്നു എന്ന് കാണാം.
ബെനഗലിന്റെ ഗ്രാമീണ ചിത്രത്രയങ്ങള്‍
ശ്യാംബെ നഗലിന് ഇന്ത്യന്‍ സമാന്തര സിനിമകളില്‍ ശക്തമായ സ്ഥാനം നേടിക്കൊടുത്ത ആദ്യകാല സിനിമകളാണ് അങ്കൂര്‍, നിശാന്ത്, മന്ഥന്‍ എന്നിവ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രാമീണ ചിത്രത്രയങ്ങളായാണ് ഈ സിനിമകളെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. ഫ്യൂഡല്‍വ്യവസ്ഥിതി കൊടികുത്തി വാണിടുന്ന ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തില്‍ ദളിത് വിഭാഗത്തിലുള്ള തൊഴിലാളികള്‍ അനുഭവിക്കേണ്ടിവരുന്ന കൊടും പീഡനങ്ങള്‍ ആണ് അങ്കൂറില്‍ പ്രതിപാദിക്കുന്നത്. നിശാന്തില്‍ എത്തുമ്പോള്‍ ഫ്യൂഡല്‍ അടിച്ചമര്‍ത്തലും സാധാരണ ജനതയുടെ പ്രതിരോധവും കുറെകൂടി തീവ്രമായി ആവിഷ്‌കരിക്കപ്പെടുന്നു. മന്ഥനില്‍ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയുംവിമോചനത്തിന്റെയും പ്രമേയംആവര്‍ത്തിക്കുകയാണ്. ദേശീയോദ്ഗ്രഥന മാതൃകയിലേക്ക് നയിക്കുന്നുഎന്ന സവിശേഷതയും ഉണ്ട്.
70-കളിലെയും 80-കളിലെയും സമാന്തര സിനിമപ്രസ്ഥാനത്തില്‍ ശ്യാംബെനഗലിന്റെ ചലച്ചിത്രങ്ങള്‍പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ ജാതിവ്യവസ്ഥ ഗ്രാമീണ ഫ്യൂഡലിസം എന്നിവയെ രൂക്ഷമായി വിമര്‍ശിച്ച അങ്കൂര്‍ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മൂന്നാമത്തെ ചിത്രമായ നിശാന്ത്കാന്‍ ചലച്ചിത്രമേളയില്‍ പാംഡിഓര്‍ന്നോമിനേറ്റഡ്‌ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രാമീണ ചിത്രങ്ങള്‍ക്ക്പുറമേ ഭൂമിക, ജുനൂണ്‍ എന്നിവ ശക്തമായ സിനിമാറ്റിക് ആഖ്യാനങ്ങളായി. 80-കളില്‍ ഇറങ്ങിയ കലിയുഗ്, ആരോഹന്‍, മണ്ടി, ത്രികാല, സുസ്മാന്‍ എന്നീചിത്രങ്ങള്‍ നിരൂപക പ്രശംസ നേടി. 18 ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍നേടിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ പരമോന്നതബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിനും അര്‍ഹനായി.
1976-ല്‍ പത്മശ്രീയും 1991-ല്‍പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 23 ഫീച്ചര്‍ ചിത്രങ്ങളും നാല്പതോളം ഡോക്യുമെന്ററികളും നിരവധി ഹ്രസ്വചിത്രങ്ങളും നിറഞ്ഞുനിന്ന ചലച്ചിത്ര വര്‍ഷങ്ങള്‍. സമാന്തര സിനിമയിലെ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളംഅത്രയും കര്‍മ്മനിരതനായ ഒരു ചലച്ചിത്രകാരന്റെജീവിതത്തിനാണ് 2024 ഡിസംബര്‍ 23 ന് തിരശ്ശീലവീണത്.
സ്ത്രീകള്‍ക്ക് എന്നും ശ്യാംബെനഗല്‍ സിനിമകളില്‍ ഒരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ചെറുത്തുനില്‍പ്പിന്റെ ശക്തിയായി സ്ത്രീയെ അവതരിപ്പി ക്കുകയായിരുന്നു അദ്ദേഹം. അങ്കൂറിലും മന്ഥനയിലും ഇത്തരം സ്ത്രീകഥാപാത്രങ്ങളെ അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു. പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന ഒരു സാമൂഹ്യക്രമത്തില്‍ സ്ത്രീചൂഷണ വസ്തുവായിതീരുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നു. സ്ത്രീകഥാപാത്രങ്ങളിലൂടെ മധ്യവര്‍ഗ്ഗ സദാചാരമൂല്യങ്ങളെ ചോദ്യം ചെയ്യുവാനും പരമ്പരാഗത കുടുംബസങ്കല്‍പ്പങ്ങളില്‍ നിന്നും വിമോചിതരാകാന്‍വെമ്പല്‍കൊള്ളുന്ന സ്ത്രീകളെ അവതരിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു.
ശ്യാംബെനഗലിനെ മറ്റ് സമാന്തര സിനിമസംവിധായകരില്‍നിന്നും വേറിട്ട് നിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ സിനിമകള്‍ പുലര്‍ത്തുന്ന വൈവിധ്യവും സത്യസന്ധതയും തന്നെയാണ്. സാമൂഹ്യപ്രശ്‌നങ്ങളെ വെല്ലുവിളികളോടെ നേരിടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം എന്നും നിലയുറപ്പിക്കുകയും ചെയ്തു. ഹിന്ദിഭാഷ സിനിമയ്‌ക്ക് സാമൂഹ്യ പ്രതിബദ്ധതയുടെയും രാഷ്‌ട്രീയ സ്പന്ദനങ്ങളുടെയും ഒരു യഥാര്‍ത്ഥമുഖം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. താരത്തിളക്കത്തിലും ആഡംബരങ്ങളിലും നിറഞ്ഞാടിയിരുന്ന ഹിന്ദിസിനിമയ്‌ക്ക് യാഥാര്‍ത്ഥ്യങ്ങളുടെ ഒരു മുഖം സമ്മാനിച്ചത് ആയിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. സമാന്തരസിനിമയിലെ അസഹ്യമായ മൗനത്തിന്റെ ഇടവേളകളും ആഖ്യാനത്തിലെ ദുരൂഹതയൊന്നും ബെനഗല്‍ സിനിമകളില്‍ കാണാനാവില്ല.
സമാന്തരസിനിമ പ്രസ്ഥാനത്തിന്റെ കുത്തൊഴുക്കുകള്‍ നിലച്ചപ്പോള്‍ പല സംവിധായകരും പിന്നോക്കം പോയപ്പോള്‍ ശ്യാംബെനഗല്‍ വെള്ളിത്തിരയില്‍ശക്തമായ വിസ്മയം തീര്‍ത്തുകൊണ്ടിരിന്നു. ഇന്ത്യന്‍മാസ്റ്റര്‍ സംവിധായകരായ സത്യജിത്‌റായ്, ഋത്വിക്ഘട്ടക്, മൃണാള്‍സെന്‍ എന്നിവരടങ്ങുന്ന സിനിമകള്‍ക്കുള്ളില്‍ നിന്നും വ്യത്യസ്തമായ വിഭാഗം പ്രേക്ഷകരെ അദ്ദേഹം കണ്ടെത്തി.
ഇന്ത്യന്‍ സമാന്തരസിനിമയുടെ പ്രയോക്താവും പ്രചാരകനുമായാണ് ശ്യാംബെനഗല്‍ അറിയപ്പെടുന്നത്. സമാന്തരസിനിമയ്‌ക്ക് പ്രത്യേകിച്ച് ഹിന്ദി റിയലിസ്റ്റിക് സിനിമയ്‌ക്ക് പു
തിയൊരു ആഖ്യാനരീതിയും സൗന്ദര്യ ശാസ്ത്രവും രചിക്കുകയായിരുന്നു അദ്ദേഹം. വികസനത്തെചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികയില്‍ നിന്നുകൊണ്ട് വിസ്ലേഷണം നടത്തുന്ന പ്രായോഗികതയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ സ്വാതന്ത്ര്യദാഹവും, ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചൂഷണത്തിന് വിധേയരായ ദളിതരുടെ യാതനാപൂര്‍ണ്ണമായ ജീവിതവും, ഗ്രാമവികസനങ്ങളിലൂടെ ദേശീയോദ്ഗ്രഥനമെന്ന സങ്കല്‍പ്പവും, ഇന്ത്യ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകളിലെ സമകാലിക പ്രസക്തിയുമൊക്കെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അന്തര്‍ധാരകളായിരുന്നു. സമാന്തരസിനിമയുടെ പുഷ്‌കലമായ ഒരുകാലഘട്ടത്തിന് ശ്യാംബെനഗല്‍ അരങ്ങൊഴിഞ്ഞതോടെ തിരശ്ശീലവീഴുകയായിരുന്നു.