2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞാ സിങ് അടക്കം ഏഴ് പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു. മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്‍മിച്ചതിന് ലഫ്. കേണല്‍ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു. പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനകള്‍ക്കും യോഗം ചേര്‍ന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
പ്രജ്ഞ സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. യുഎപിഎ, ആയുധ നിയമം, മറ്റ് നിയമങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം പ്രതികളെ കുറ്റവിമുക്തരാക്കി.
ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവരെയാണ് വെറുതെ വിട്ടത്.
2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. മുസ്‌ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്.