
കൊച്ചി: വളര്‍ന്നുവരുന്ന തലമുറയ്‌ക്ക് ഏറ്റവും മികച്ച മാതൃകയാണ് ശ്രീകൃഷ്ണനെന്ന് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഏപ്രിലില്‍ എറണാകുളത്ത് നടക്കുന്ന ബാല നേതൃശിബിരത്തിന്റെ സ്വാഗത സംഘ രൂപീകരണയോഗം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍ണാവതാരമാണ് കൃഷ്ണന്‍. യോദ്ധാവ്, തേരാളി, മനശാസ്ത്രജ്ഞന്‍, നര്‍ത്തകന്‍, പുല്ലാങ്കുഴല്‍ വിദഗ്ധന്‍ തുടങ്ങി എല്ലാമെല്ലാമാണ് ശ്രീകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. പവിത്ര വി. പ്രഭു, ആര്‍. പ്രസന്നകുമാര്‍, ഡോ. പി. ആര്‍.വെങ്കിട്ടരാമന്‍, പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു.