ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷത്തെ വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തി സ്പൈസ് ജെറ്റ്. ജൂലൈ 26 ന് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സ്പൈസ് ജെറ്റിലെ നാല് ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആര്‍മി ഓഫീസറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് സൈനികന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. എയര്‍ലൈന്‍ നടത്തുന്ന ആഭ്യന്തര, അന്തര്‍ദേശീയ യാത്രകളില്‍ നിന്ന് ഉദ്യോഗസ്ഥനെ വിലക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനെത്തിയതായിരുന്നു സീനിയര്‍ ആര്‍മി ഓഫീസര്‍. ക്യാബിന്‍ ബാഗേജ് അധികമായതിനാല്‍ പണം നല്‍കണമെന്ന് സൈനികനെ ജീവനക്കാര്‍ അറിയിച്ചു. ബോര്‍ഡിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ എയ്റോ ബ്രിഡ്ജിലേക്ക് യാത്രക്കാരന്‍ കയറാന്‍ ശ്രമിച്ച ഇവരെ ജീവനക്കാര്‍ തടഞ്ഞു. യാത്രക്കാരന്‍ പ്രകോപിതനാവുകയും സ്റ്റീല്‍ സൈന്‍ബോര്‍ഡ് ഉപയോഗിച്ച് ജീവനക്കാരെ ആക്രമിക്കുകയും ഒരാളുടെ നട്ടെല്ലിന് ഒടിവ് സംഭവിച്ചതായും സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചിരുന്നു.
സ്പൈസ്ജെറ്റ് ജീവനക്കാരെ ആക്രമിച്ചതിന് ഉദ്യോഗസ്ഥനെതിരെ ബിഎന്‍എസ് സെക്ഷന്‍ 115 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദനമേറ്റതായി ആരോപിച്ച് സൈനികന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ക്കെതിരെയും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.