ന്യൂദല്‍ഹി: ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച ‘ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ദല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനമായ കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രകാശനം നിര്‍വ്വഹിച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവരും മറ്റ് വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
ചരിത്രപ്രാധാന്യമുള്ള നിരവധി ലേഖനങ്ങള്‍ അടങ്ങിയതാണ് ഈ കൃതി. അവയില്‍ പലതും ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെയും കാലത്തെയും കുറിച്ചുള്ള പുതിയ അറിവുകളായി കണക്കാക്കാം. ചില ലേഖനങ്ങള്‍ ഇതുവരെ അറിയപ്പെടാത്ത വസ്തുതകള്‍ അവതരിപ്പിക്കുന്നു. ആര്‍ക്കൈവ്സില്‍ നിന്ന് കണ്ടെടുത്ത എക്സ്‌ക്ലൂസീവായ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീനാരായണ സ്മൃതിയിലൂടെയുള്ള സാമൂഹികവും മതപരവുമായ പരിഷ്‌കാരങ്ങള്‍, വൈക്കം സത്യഗ്രഹത്തില്‍ ഗുരുദേവന്റെ പങ്ക്, മതപരിവര്‍ത്തനത്തിനെതിരായ ഗുരുവിന്റെ പോരാട്ടം, ഭഗവദ്ഗീതയുമായുള്ള ബന്ധം, ഗുരുദേവന്‍ നിര്‍ദേശിച്ച ഭക്ഷണക്രമങ്ങള്‍, ഭക്തരോടുള്ള അദ്ദേഹത്തിന്റെ മനഃശാസ്ത്രപരമായ സമീപനം എന്നീ വിഷയങ്ങള്‍ ഈ പുസ്തകം പരിശോധനയ്‌ക്ക് വിധേയമാക്കുന്നു. ഇംഗ്ലീഷില്‍ രചിക്കപ്പെട്ട കൃതി സിഎസ്ഐഎസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.