
കോട്ടയം: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളാണെന്ന് സംവിധായകന്‍ ജോഷി മാത്യു.ശ്രീനിവാസന്‍ സ്വയം തിരിച്ചറിവുള്ള വ്യക്തിത്വമായിരുന്നു. കോട്ടയം തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘അരവിന്ദനും ശ്രീനിവാസനും’ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ മേഖലയിലുള്ള നടന്‍ തിരക്കഥാകൃത്ത് സംവിധായകന്‍ തുടങ്ങിയ ഇടപെടലുകള്‍ കൂടാതെ മികച്ച ഒരു കൃഷിക്കാരന്‍ കൂടിയായിരുന്നത് അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയെ വ്യക്തമാക്കുന്നു. ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന സത്യസന്ധത, ആരുടെ മുഖത്ത് നോക്കിയും സത്യം വിളിച്ചു പറയുവാനും വിമര്‍ശിക്കുവാനും ഉള്ള ധൈര്യം അദ്ദേഹത്തിന് നല്‍കി. ശ്രീനിവാസന്‍ സിനിമകള്‍ക്കും അതിലെ ആശയങ്ങള്‍ക്കും ഇന്നും മരണമില്ല. വീണ്ടും പുതിയ ആസ്വാദകര്‍ ജനിക്കുന്നുവെന്ന് ജോഷി മാത്യു അഭിപ്രായപ്പെട്ടു.
അരവിന്ദന്‍ അനുസ്മരണം തമ്പ് ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് അനില്‍ ഐക്കര നിര്‍വഹിച്ചു. സാധാരണ മനുഷ്യജീവിതത്തിന്റെ നേര്‍ച്ച ചിത്രങ്ങള്‍ ആയിരുന്നു അരവിന്ദന്‍ സിനിമകളിലൂടെ പകര്‍ന്നാടിയത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തില്‍ വൃത്തനിബദ്ധമായ കവിതകളില്‍ നിന്ന് കവിതകള്‍ മോചിപ്പിക്കപ്പെട്ടതുപോലെ തിരക്കഥയുടെ ചട്ടക്കൂടില്‍ നിന്നും സിനിമയെ മോചിപ്പിക്കുവാന്‍ അരവിന്ദന്‍ കാണിച്ചിട്ടുള്ള ധൈര്യം അനുപമമാണ്.
തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വക്കേറ്റ് ലിജി എല്‍സ ജോണ്‍, അഡ്വ സിദ്ധാര്‍ഥ് എസ് സഞ്ജീവ് എന്നിവര്‍ സംസാരിച്ചു.അനുസ്മരണ പരിപാടികള്‍ക്ക് മുന്നേ അരവിന്ദന്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ അഭിനയിച്ച ‘ഒരിടത്ത്’ എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.