• Mon. Oct 27th, 2025

24×7 Live News

Apdin News

ശ്രേയസ് അയ്യർ ഐസിയുവിൽ; ആന്തരിക രക്തസ്രാവം, തിരിച്ചുവരവ് വൈകും

Byadmin

Oct 27, 2025



സിഡ്നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ സിഡ്‌നിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അലക്സ് കാരിയെ പുറത്താക്കാൻ അയ്യർ റണ്ണിംഗ് ക്യാച്ച് എടുത്തെങ്കിലും ഇടതുവശത്തേക്ക് നിലത്തുവീണപ്പോഴാണ് പരിക്കേറ്റത്. തുടക്കത്തിൽ അദ്ദേഹം മൈതാനത്ത് തുടർന്നെങ്കിലും, ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഉടൻ തന്നെ വേദന രൂക്ഷമായി, അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. ആശുപത്രിയിലെ സ്‌കാനിംഗിൽ പ്ലീഹയ്‌ക്ക് പരിക്കേറ്റതായി കണ്ടെത്തി. അയ്യർ ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി അയ്യർ ഐസിയുവിലാണ്. അണുബാധ തടയേണ്ടതുള്ളതിനാൽ ഏഴുദിവസം വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് വിവരം. ഏകദേശം മൂന്നാഴ്‌ചയോളം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അതിലും കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.

ബോർഡിന്റെ മെഡിക്കൽ സംഘം സിഡ്‌നിയിലെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിരന്തരമായി വിവരങ്ങൾ തിരക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യൻ സംഘത്തിലെ ഡോക്‌ടർ അയ്യരോടൊപ്പം നിൽക്കുന്നുണ്ടെന്നും ബോർഡ് പറഞ്ഞു. അതേസമയം, സിഡ്‌നിയിലെത്തി മകനെ കാണുന്നതിനായി അടിയന്തര വിസയ്‌ക്ക് അപേക്ഷിച്ചിരിക്കുകയാണ് അയ്യരുടെ മാതാപിതാക്കൾ.

By admin