• Sat. Oct 25th, 2025

24×7 Live News

Apdin News

ഷമ്മി തിലകന്റെ ശരീരത്തിൽ ഒന്നാകെ ഞങ്ങൾ മാന്തിക്കീറി, അതോടെ ഇനി അഭിനയിക്കാനില്ലെന്ന് പറഞ്ഞു;അംബിക മോഹൻ

Byadmin

Oct 24, 2025



മലയാള സിനിമയിൽ അമ്മ വേഷത്തിലൂടെ തിളങ്ങിയ നടിമാർ ഒരുപാടുണ്ട്. അതിൽ പ്രധാനിയാണ് അംബിക മോഹൻ. മീശ മാധവൻ, കസ്‌തൂരിമാൻ എന്നിങ്ങനെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ കണ്ടവർ ഒരിക്കലും അംബിക മോഹനെ മറക്കാൻ ഇടയില്ല. സിനിമയിൽ രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോൾ അംബിക മോഹൻ നിരവധി ചിത്രങ്ങളിലാണ് വേഷമിട്ടത്. ഇപ്പോഴും സിനിമകളിലും സീരിയലുകളിലും സജീവമാണ് താരം.

തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അംബിക മോഹൻ. താരങ്ങളുടെ അമ്മ വേഷം ചെയ്യുന്നതിൽ തനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും സന്തോഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുകയാണ് അംബിക. കൂടാതെ കസ്‌തൂരിമാൻ ചിത്രീകരണത്തിന് ഇടയിൽ ഷമ്മി തിലകനൊപ്പമുള്ള രസകരമായ നിമിഷങ്ങളും അവർ പങ്കുവച്ചു. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിലോട് ആയിരുന്നു അംബികയുടെ പ്രതികരണം.

അമ്മ വേഷങ്ങൾ ചെയ്യാൻ എനിക്കൊരു മടിയുമില്ല. ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടു ഞാൻ സിനിമയിൽ വന്നിട്ട്. തുടക്കം മുതൽ അമ്മ വേഷങ്ങളാണ് ചെയ്‌തത്‌. എനിക്കതൊക്കെ വളരെ സന്തോഷമാണ്. ഞാൻ സിനിമ എന്ന് പറഞ്ഞുവന്ന ആളൊന്നുമല്ല. പെട്ടെന്ന് കയറിപോയതാണ്. ദൈവത്തിന്റെ അനുഗ്രഹം കാരണമാണ് എനിക്ക് സിനിമയിൽ വരാൻ കഴിഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രമാണ് എല്ലാത്തിനും കാരണം.

സിനിമയിൽ വന്നത് മാത്രമല്ല, ഇപ്പോൾ കിട്ടിയ കഥാപാത്രങ്ങൾ എല്ലാം. നല്ല നല്ല സംവിധായകരുടെ കൂടെ, നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞു. നമ്മളൊക്കെ കാണാൻ കൊതിച്ച നടൻമാരുടെ ഭാര്യയായി അവരുടെ ഒക്കെ കൂടെ അഭിനയിക്കാനും അതുപോലെ മമ്മൂക്ക, ലാൽ, സുരേഷ് ഗോപി, ദിലീപ്, പൃഥ്വി, പിന്നെ ചാക്കോച്ചൻ അങ്ങനെ എല്ലാവരുടെയും, ഒരുവിധം നായികമാരുടെയും അമ്മയായി അഭിനയിക്കാൻ ഭാഗ്യമുണ്ടായി.

ദൈവം സഹായിച്ച് എനിക്ക് അധികം വിശ്രമം എടുക്കേണ്ടി വന്നിട്ടില്ല. അധികം വീട്ടിൽ ഇരുന്നിട്ടില്ല. ഒന്നുകിൽ സിനിമ അല്ലെങ്കിൽ സീരിയൽ, അല്ലെങ്കിൽ ടെലിഫിലിം, അങ്ങനെ എന്തെങ്കിലും ഒക്കെ വർക്ക് ആയിട്ട് നമ്മൾ ഇങ്ങനെ പോയിരുന്നു. ടെൻഷൻ ഒക്കെ ഇഷ്‌ടം മാതിരിയുണ്ട്. മനുഷ്യനല്ലേ, നമ്മൾ വിചാരിച്ച് കിട്ടാതെ പോയ സിനിമകളുണ്ട്. അതൊക്കെ ആ വഴിക്ക് വിട്ടേക്കും. മമ്മൂക്കയെയും ലാലിനെയും ഒക്കെ ദൈവത്തിന് തുല്യമായി നമ്മൾ കാണുന്നവർ അല്ലേ.

തിരിഞ്ഞു നോക്കുമ്പോൾ എന്നെ സംബന്ധിച്ച് എനിക്ക് ഒരുപാട് അഭിമാനവും സന്തോഷവും ഒക്കെയുണ്ട്. പതിനാറാം വയസിൽ കല്യാണം ഒക്കെ കഴിച്ചുപോയ ഒരാളാണ് ഞാൻ. വീട്ടിൽ കുട്ടികൾ ഒക്കെയായി കഴിഞ്ഞിരുന്നയാൾ. ഞാൻ ഒരിക്കലും സിനിമയിലേക്ക് വരുമെന്നും വിചാരിച്ചിരുന്നില്ല. യുഎസിൽ ഷോ ചെയ്‌തു, യുകെയിലും മലേഷ്യയിലും ഒക്കെ പോയി. ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും അമ്മയായിട്ടാണ് ജീവിച്ചത്.

കസ്‌തൂരിമാനിൽ ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞത്. ലോഹി സാർ അങ്ങനെ അതിന് അനുവദിക്കില്ല. നിങ്ങൾക്ക് രണ്ട് മക്കൾ ഉള്ളതല്ലേ, അവരും പെൺകുട്ടികൾ അല്ലേ എന്നൊക്കെയാണ് ലോഹി സാർ ചോദിച്ചത്. ഞാൻ കരയാൻ വേണ്ടി ഗ്ലിസറിൻ ചോദിച്ചപ്പോൾ ആയിരുന്നു അത്. അത് കേട്ടപ്പോൾ നമ്മളോട് തന്നെ ശരിക്കും കരഞ്ഞു പോവുകയായിരുന്നു. മീര വെട്ടിക്കൊല്ലുന്ന സീനിൽ ഒക്കെ ഗ്ലിസറിൻ ഒക്കെ ഇല്ലാതെയാണ് കരഞ്ഞത്

അങ്ങനത്തെ പടമൊന്നും ഇനി ജീവിതത്തിൽ കിട്ടില്ല. നമ്മളെ ഒക്കെ പിടിച്ചു വലിക്കുകയായിരുന്നു ഷമ്മി തിലകൻ. ഞാൻ സോന, മീര, ചാക്കോച്ചൻ എന്നിവർ ആയിരുന്നു ആ സീനിൽ ഉള്ളത്. ശരിക്കും ഷമ്മിയുടെ പുറമൊക്കെ മുറിഞ്ഞു. ബനിയൻ ഒക്കെ വലിച്ചുകീറിയിരുന്നു. ഞങ്ങളുടെ നഖം കൊണ്ടിട്ട് പുറത്തൊക്കെ പോറൽ വന്നു. അവസാനം ഷമ്മി പറയുന്നുണ്ടായിരുന്നു ഞാനില്ല ഇങ്ങനെ അഭിനയിക്കാൻ എന്നൊക്കെ.

 

By admin