ഷാഫി പറമ്പില്‍ എംപിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എഐ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള പോലീസ് നീക്കത്തെ സിപിഎം തടസ്സപ്പെടുത്തുന്നത് കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
ഷാഫിയെ മര്‍ദ്ദിച്ച പോലീസുകാരെ കുറിച്ച് സിപിഎമ്മിന് കൃത്യമായി അറിയാം.അവരിലേക്ക് എത്താനുള്ള പോലീസിന്റെ കരങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ നിലപാടും നടപടിയും സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. ഷാഫി പറമ്പിലിനെ പോലീസ് അന്യായമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റായ നടപടിയുണ്ടായെന്ന് എസ് പിയും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും സത്യം പുറത്തുവരാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ഭരണത്തിന്റെ ദുസ്വാധീനം ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ വിരട്ടുന്നു. ഷാഫി പറമ്പില്‍ എംപിക്കെതിരെ വധ ഭീഷണി മുഴക്കിയ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. അതിന് തയ്യാറായില്ലെങ്കില്‍ നിയമപരവും ജനകീയപരവുമായ പ്രതിഷേധം കോണ്‍ഗ്രസ് തുടര്‍ന്നും ഉയര്‍ത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിച്ചതാണ്. പ്രശ്‌നം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിഎം ശ്രീയില്‍ ചേരാനുള്ള സര്‍ക്കാരിന്റെ നയ വ്യതിയാനത്തിനെതിരായ നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുമോയെന്നാണ് അറിയേണ്ടത്. സിപിഐ മാധ്യമങ്ങളില്‍ മാത്രം നിലപാട് പ്രകടിപ്പിച്ചാല്‍ പോരാ. മന്ത്രിസഭയിലും എല്‍ഡിഎഫിലും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കും. മികച്ച ടീമാണ് കെപിസിസിക്കുള്ളത്. ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസും യുഡിഎഫും ശബരിമലയിലെ സ്വര്‍ണ്ണ മോഷണം, വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് തുടങ്ങിയ സമകാലിക വിഷയങ്ങള്‍ ഏറ്റെടുത്ത് ശക്തമായ സമരമുഖത്താണ്. സംഘടനാ രംഗത്തും മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ ലഘുലേഖകള്‍ വിതരണം ചെയ്തും പ്രവര്‍ത്തനഫണ്ട് ശേഖരണത്തിനുമായും 25000 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.