പാറശാലയിലെ ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതിയായ ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം 10 വര്‍ഷം തടവില്‍ കൂടുതല്‍ നല്‍കരുതെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടിരുന്നു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി നിര്‍മല്‍കുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.
2022 ഒക്ടോബര്‍ 14ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിലേക്ക് വരുത്തി കഷായത്തില്‍ കളനാശിനി ചേര്‍ത്ത് കുടിപ്പിക്കുകയായിരുന്നു. ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോണ്‍ നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.
ഒക്ടോബര്‍ 14ന് ഷാരോണ്‍ സുഹൃത്തിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ചാണ് ഗ്രീഷ്മ ഷാരോണിന് കഷായം നല്‍കിയത്. കയ്പ്പ് മാറാന്‍ ജ്യൂസും നല്‍കിയിരുന്നു. മുറിയില്‍ ഛര്‍ദിച്ച ഷാരോണ്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന വഴിയും പലതവണ ഛര്‍ദിച്ചു.
അവശനായ ഷാരോണിനെ പാറശ്ശാല ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു. എന്നാല്‍, പിറ്റേദിവസം വായില്‍ വ്രണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരള്‍, ശ്വാസകോശം അടക്കമുള്ള അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും മരണം സംഭവിക്കുകയും ചെയ്തു.