കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി ‘സൂത്രവാക്യം’ സിനിമ താരം അപര്‍ണ ജോണ്‍സ്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍വെച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപര്‍ണ ജോണ്‍സ് വെളിപ്പെടുത്തി. നടി വിന്‍സിയും താനും ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപ്പൊടി തുപ്പിയതെന്നും വിന്‍സിയുടെ ആരോപണം ശരിയാണെന്നും എഎംഎംഎയ്ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട് എന്നും അപര്‍ണ പറഞ്ഞു.
വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍സി പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റില്‍ ചെല്ലുമ്പോള്‍ മുതല്‍ അബ്‌നോര്‍മല്‍ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങള്‍ കൂടെ ജോലി ചെയ്ത ഒരു സഹപ്രവര്‍ത്തകയോട് പറഞ്ഞിരുന്നു. അതില്‍ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികള്‍ നല്‍കാതിരുന്നത്. ഷൈന്‍ നല്ലൊരു നടനാണ്. പക്ഷെ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി, പ്രൊഫഷണലായി ഷൈന്‍ തിരിച്ചുവരണം എന്നുതന്നെയാണ് തന്റെ ആഗ്രഹം. ഈ വിഷയം ഒതുങ്ങിത്തീര്‍ന്നു എന്നതുകൊണ്ട് മറ്റ് പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല- അപര്‍ണ പറയുന്നു.