1925ല്‍ ആരംഭിച്ച രാഷ്‌ട്രീയസ്വയംസേവക സംഘത്തിന്റെ യാത്ര, വരാനി
രിക്കുന്ന വിജയദശമി ദിനത്തില്‍ നൂറാം വാര്‍ഷികമെന്ന നാഴികക്കല്ല് പിന്നിടും. ഇന്ന് സംഘം ഏറ്റവും സവിശേഷമായ രാജ്യവ്യാപക സംഘടനയായി മാറിയിരിക്കുന്നു. ബംഗളൂരുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി സഭയില്‍ അംഗീകരിച്ച പ്രമേയവും ആഹ്വാനവും സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണത്തിന്റെ വിലയിരുത്തലിനും ആത്മപരിശോധനയ്‌ക്കും അടിസ്ഥാന ആശയത്തോടുള്ള പുനര്‍സമര്‍പ്പണത്തിനും ആഹ്വാനം ചെയ്തു. സംഘം എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിന്റെ വിവിധ മാനങ്ങള്‍ എന്തെല്ലാമാണ്, എന്തൊക്കെയായിരുന്നു വഴിത്തിരിവുകള്‍, സംഘപ്രയാണത്തിലെ പ്രധാന സംഭവങ്ങള്‍ എന്തൊക്കെയാണ്. ഈ രീതിയില്‍ മുന്നേറിയ സംഘത്തിന്റെ ഇന്നത്തെ സ്വരൂപമെന്താണ്. നാളെ സംഘം എന്തായിരിക്കും. ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്‍ കേത്കര്‍, പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍, മറാത്തി വാരിക വിവേകിന്റെ എഡിറ്റര്‍ അശ്വിനി മായേക്കര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ എന്നിവര്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം സര്‍ സംഘചാലക് ഡോ. മോഹന്‍ ഭഗവതുമായി നടത്തിയ വിശദമായ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ (2025 മാര്‍ച്ച് 21-23 തീയതികളില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയപ്രതിനിധിസഭയുടെ പശ്ചാത്തലത്തിലും ഓപ്പറേഷന്‍ സിന്ദൂരിന് മുമ്പുമായിരുന്നു ഈ അഭിമുഖം).
ഒരു സ്വയംസേവകന്‍ എന്ന നിലയിലും സര്‍സംഘചാലക് എന്ന നിലയിലും സംഘത്തിന്റെ 100 വര്‍ഷം നീളുന്ന ഈ യാത്രയെ താങ്കള്‍ എങ്ങനെ കാണുന്നു?
ഡോ. ഹെഡ്ഗേവാര്‍ ഈ ദൗത്യത്തിന് തുടക്കം കുറിച്ചത് സുദീര്‍ഘമായ പര്യാലോചനകള്‍ക്ക് ശേഷമാണ്. രാഷ്‌ട്രം നേരിടുന്ന വെല്ലുവിളികള്‍ വിശകലനം ചെയ്യുകയും അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അതിന് ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സംഘത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതിനെക്കുറിച്ചുമുള്ള ആത്മവിശ്വാസമുണ്ടായത് 1950 കളോടെയാണ്. അടുത്ത ഘട്ടത്തില്‍, സംഘത്തിന്റെ രാജ്യവ്യാപകമായ വികാസവും സമൂഹത്തില്‍ സ്വയംസേവകരുടെ കൂട്ടായ്മകളും ആരംഭിച്ചു. നാലു പതിറ്റാണ്ടിനുള്ളില്‍, സംഘ സ്വയംസേവകര്‍ അവരുടെ സ്വഭാവം, പ്രവര്‍ത്തനങ്ങള്‍, മനോഭാവം എന്നിവയിലൂടെ ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുക വഴി സമൂഹത്തിന്റെ വിശ്വാസമാര്‍ജിച്ചു. 1990കള്‍ക്കു ശേഷം, ഈ ചിന്തയുടെയും ഗുണങ്ങളുടെയും അടിസ്ഥാനത്തില്‍ രാഷ്‌ട്രത്തെ നയിക്കാന്‍ കഴിയുമെന്നും തെളിയിക്കപ്പെട്ടു. ഇനി, അടുത്ത ഘട്ടം, ഇതേ ചിന്താപദ്ധതിയും ഗുണങ്ങളും പിന്തുടര്‍ന്ന്, മുഴുവന്‍ സമൂഹവും ആത്മാര്‍ത്ഥതയോടും നിസ്വാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. എല്ലാ വ്യത്യാസങ്ങളെയും മറന്ന് രാഷ്‌ട്രത്തെ മഹത്വത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുക എന്നതാണ്.
ഈ 100 വര്‍ഷത്തെ യാത്രയിലെ പ്രധാന നാഴികക്കല്ലുകള്‍ എന്തൊക്കെയാണ്?
തുടക്കത്തില്‍, സംഘത്തിന് ഒന്നുമില്ലായിരുന്നു. അതിന്റെ പ്രത്യയശാസ്ത്രത്തിന് അംഗീകാരമോ പ്രചാരണ മാര്‍ഗങ്ങളുടെ ലഭ്യതയോ ഉണ്ടായിരുന്നില്ല. സമൂഹത്തിന്റെ അവഗണനയും എതിര്‍പ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്യകര്‍ത്താക്കള്‍ പോലും ഇല്ലായിരുന്നു. ഈ വിവരങ്ങള്‍ ഒരു കമ്പ്യൂട്ടറിനു നല്‍കിയിരുന്നെങ്കില്‍, ഈ പ്രസ്ഥാനത്തിന്റെ അകാല മരണം പ്രവചിക്കുമായിരുന്നു. എന്നാല്‍ രാജ്യവിഭജനത്തിനിടയില്‍ ഹിന്ദുക്കളെ രക്ഷിക്കുന്നതിലും അതുപോലെ ആര്‍എസ്എസിനെ നിരോധിച്ച അവസരങ്ങളില്‍, വെല്ലുവിളികളെ നേരിട്ടുകൊണ്ട്, അതിനെ അതിജീവിച്ച് പ്രതിരോധശേഷിയുള്ള ഒരു ശക്തിയായി സംഘം വിജയകരമായി മുന്നേറി.
1950 ആയപ്പോഴേക്കും, സംഘ പ്രവര്‍ത്തനം തുടരുമെന്നും വളരുമെന്നും ഒപ്പം ഈ രീതി ഉപയോഗിച്ച് ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും ഉറപ്പാക്കപ്പെട്ടു. പിന്നീട്, സംഘ പ്രവര്‍ത്തനം മുമ്പത്തേക്കാള്‍ കൂടുതല്‍ വികസിച്ചു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതില്‍ സംഘത്തിന്റെ സൃഷ്ടിപരമായ പങ്കു കാരണം 1975 ലെ അടിയന്തരാവസ്ഥയില്‍ സംഘശക്തിയുടെ പ്രാധാന്യം സമൂഹം തിരിച്ചറിഞ്ഞു. പിന്നീട്, ഏകാത്മതാ രഥയാത്ര, കശ്മീരുമായി ബന്ധപ്പെട്ട ജനജാഗരണം, ശ്രീരാമ ജന്മഭൂമി പ്രക്ഷോഭം, സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷം തുടങ്ങിയ മുന്നേറ്റങ്ങളിലൂടെയും സേവാ പ്രവര്‍ത്തനങ്ങളുടെ വന്‍തോതിലുള്ള വ്യാപനത്തിലൂടെയും സംഘ ചിന്താപദ്ധതിക്കും സംഘത്തിനുള്ള വിശ്വാസ്യതയ്‌ക്കും സമൂഹത്തിലുടനീളം ക്രമാതീതമായ സ്വീകാര്യത ഉണ്ടായി.
1948 ലും 1975 ലും ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് എന്തെല്ലാം പാഠങ്ങളാണു പഠിച്ചത്?
1948 ലെയും 1975 ലെയും സംഘ നിരോധനങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമായിട്ടായിരുന്നു. സംഘത്തിന് ഇത് തിരിച്ചടിയാവില്ലെന്നും മറിച്ച്, ഗുണകരമാണെന്നും നിരോധനം നടപ്പിലാക്കിയവര്‍ക്കുപോലും നന്നായി അറിയാമായിരുന്നു. എന്നിരുന്നാലും, ഇത്രയും വലിയ ഒരു സമൂഹത്തിലെ സ്വാഭാവിക പ്രത്യയശാസ്ത്ര മത്സരം കാരണം, അവരുടെ രാഷ്‌ട്രീയ ആധിപത്യം നിലനിര്‍ത്താനായി സര്‍ക്കാര്‍ സംഘത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു.
ആദ്യ നിരോധന സമയത്ത്, എല്ലാം പ്രതികൂലമായിരുന്നു; സംഘം നശിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, സാഹചര്യമൊന്നാകെ പ്രതികൂലമായിരുന്നിട്ടും സംഘം ഇതിനെ അതിജീവിക്കുകയും 15-20 വര്‍ഷങ്ങള്‍ക്കുള്ളില്‍, സംഘം പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ശക്തമാവുകയും ചെയ്തു.
ശാഖകളില്‍ മാത്രം ശ്രദ്ധപതിപ്പിക്കുകയും മറ്റു സാമൂഹിക രംഗങ്ങളില്‍ വലിയ ശ്രദ്ധനല്‍കാതിരിക്കുകയും ചെയ്ത സ്വയംസേവകര്‍ പിന്നീട് വിവിധ സാമൂഹിക മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അത്തരം മേഖലകളില്‍ അവരുടെ നിര്‍ണായക സ്വാധീനം ഉണ്ടായി.
ഒരു തരത്തില്‍, 1948 ലെ നിരോധനം സംഘത്തിന് സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ സഹായകമായി. സ്വയംസേവകര്‍ സാമൂഹികവും വ്യവസ്ഥാപിതവുമായ പരിവര്‍ത്തനത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. തുടക്കം മുതല്‍ തന്നെ സംഘ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ ശാഖയില്‍ ഒതുങ്ങുന്നതല്ലെന്നും, അവശേഷിക്കുന്ന 23 മണിക്കൂറുകളിലെ വ്യക്തിജീവിതത്തിലും കുടുംബ, സാമൂഹിക, പ്രൊഫഷണല്‍ മേഖലകളിലും സംഘ ശാഖയിലെ മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും പ്രതിഫലിപ്പിക്കണമെന്നും വ്യക്തമായിരുന്നു.
പിന്നീട് 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് സംഘത്തിന്റെ, അന്തര്‍ലീനവും എന്നാല്‍ വിപുലവുമായ ശക്തി സമൂഹത്തിനു അനുഭവിക്കാന്‍ കഴിഞ്ഞു.
നിരവധി നല്ലവരായ നേതാക്കള്‍ പോലും ഭയത്തിലും നിരാശയിലുംപെട്ടു തളര്‍ന്നുപോയപ്പോള്‍, പ്രയാസകരമായ ഇത്തരം സമയങ്ങള്‍ കടന്നുപോകുമെന്നും പ്രതിസന്ധികളില്‍നിന്ന് പുറത്തുവരുമെന്നും ആത്മവിശ്വാസത്തോടെ ഉറച്ചുനില്‍ക്കുമെന്നും ഒരു സാധാരണ സ്വയംസേവകന് ഉറപ്പുണ്ടായിരുന്നു.
1975-ലെ അടിയന്തരാവസ്ഥക്കാലത്ത്, നിരോധനത്തിനെതിരെ പോരാടുന്നതിനേക്കാള്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനാണ് സംഘം മുന്‍ഗണന നല്‍കിയത്. സംഘത്തിനെതിരെ പൊതുവെ തെറ്റായ പ്രചാരണം നടത്തുന്നവരോടൊപ്പം പോലും ഞങ്ങള്‍ കൂടെനിന്നു. ഈ കാലയളവില്‍, സംഘം സമൂഹത്തിലും വിശേഷിച്ച് ഇത്തരം നേതാക്കള്‍ക്കിടയിലും ബൗദ്ധികവും വിശ്വസനീയവുമായ സ്ഥാനം നേടി.അടിയന്തരാവസ്ഥകാലഘട്ടത്തിനു ശേഷം, സംഘം കൂടുതല്‍ ശക്തിയാര്‍ജിച്ച് പുറത്തുവന്നു.
ഡോ. ഹെഡ്ഗേവാറിന്റെയും ശ്രീ ഗുരുജിയുടെയും അടിസ്ഥാന ചിന്തകള്‍ക്കനുസൃതമായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. മാറ്റം ആവശ്യമാണെങ്കില്‍, അതിനെ എങ്ങനെയാണ് സമീപിക്കുന്നത്?
ഡോ. ഹെഡ്ഗേവാറിന്റെയും ശ്രീ ഗുരുജിയുടെയും ബാലാസാഹേബിന്റെയും യഥാര്‍ത്ഥ ചിന്തകള്‍ ശാശ്വതമായ, സനാതന പാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്തമല്ല. കാര്യകര്‍ത്താക്കളുടെ യഥാര്‍ത്ഥ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള മൗലീകമായ ചിന്തകളുടെയും അനുഭവങ്ങളുടെയും ശേഷമാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി ഉറപ്പിച്ചത്.
തുടക്കം മുതല്‍ ഏതെങ്കിലും ഗ്രന്ഥങ്ങളെയോ, വ്യക്തികളെയോ, അന്ധമായി അനുകരിച്ചില്ല. ഞങ്ങള്‍ തത്വാധിഷ്ഠിതരാണ്. ഞങ്ങള്‍ മഹാന്മാരില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും അവരുടെ പാത പിന്തുടരുകയും ചെയ്യുന്നു. എന്നാല്‍ ഓരോ ദേശ-കാല-പരിതസ്ഥിതികളിലും, ഞങ്ങള്‍ ഞങ്ങളുടേതായ പാത കണ്ടെത്തുന്നു. ഇതിന് നിത്യാനിത്യ വിവേകം ഉണ്ടാവണം.
സംഘത്തില്‍ നിത്യം എന്താണ്?
‘ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്‌ട്രമാണ്’ എന്ന് ബാലാസാഹെബ് ദേവറസ് ഒരിക്കല്‍ പറഞ്ഞു. ഇതൊഴിച്ച് സംഘത്തില്‍ മറ്റെല്ലാം മാറാവുന്നതാണ്. സമ്പൂര്‍ണ്ണ ഹിന്ദുസമൂഹവും ഈ രാഷ്‌ട്രത്തിന്റെ സംരക്ഷകരാകണം. ഈ രാഷ്‌ട്രത്തിന്റെ സ്വഭാവവും സംസ്‌കൃതിയും ഹിന്ദുവിന്റെ സംസ്‌കൃതിയാണ്. അതിനാല്‍, ഇത് ഒരു ഹിന്ദുരാഷ്‌ട്രമാണ്.
ഈ അടിസ്ഥാനതത്വം നിലനിര്‍ത്തിക്കൊണ്ടാണ് നാം മറ്റെല്ലാം ചെയ്യുന്നത്. അതിനാല്‍, സ്വയംസേവകന്‍ പ്രതിജ്ഞ യെടുക്കുന്നത് ‘നമ്മുടെ പവിത്രമായ ഹിന്ദുധര്‍മ്മം, ഹിന്ദു സംസ്‌കാരം, ഹിന്ദു സമാജം എന്നിവയെ സംരക്ഷിച്ചിട്ട് ഹിന്ദു രാഷ്‌ട്രത്തിന്റെ സര്‍വ്വതോമുഖമായ ഉന്നതിയ്‌ക്കായി ഞാന്‍ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ഘടകമായി തീര്‍ന്നിരിക്കുന്നു’ എന്നാണ്.
‘ഹിന്ദു’ എന്നതിന്റെ നിര്‍വചനം സമഗ്രമാണ്. അടിസ്ഥാന ചട്ടക്കൂടും ദിശയും നിലനിര്‍ത്തുന്നതിനും കാലത്തിന്റെയും സാഹചര്യത്തിന്റെയും ആവശ്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനും ഇതില്‍ മതിയായ സാധ്യതകളുണ്ട്. സംഘ പ്രതിജ്ഞയില്‍ ‘ഞാന്‍ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ഘടകമായി തീര്‍ന്നിരിക്കുന്നു’ എന്ന് പറയുന്നുണ്ട്. സംഘത്തിന്റെ ഘടകം എന്നത് സംഘത്തിന്റെ സൂക്ഷ്മരൂപവും അവിഭാജ്യഭാഗവുമെന്നാണ്.
അതിനാല്‍, ചര്‍ച്ചയ്‌ക്കിടെ വൈവിധ്യമാര്‍ന്നതും പരസ്പരവിരുദ്ധവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. സമവായം കെട്ടിപ്പടുത്ത് ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍, എല്ലാവരും വ്യക്തിഗത അഭിപ്രായത്തെ മാറ്റിവച്ചു കൂട്ടായ തീരുമാനത്തെ സ്വീകരിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരും അവരുടേതായി അംഗീകരിക്കുന്നു. എല്ലാവര്‍ക്കും ഒരേ ലക്ഷ്യമാണ്.
അതിനാല്‍, എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനും മറ്റുള്ളവരുമായി യോജിച്ചുനിലകൊള്ളാനും സ്വാതന്ത്ര്യമുണ്ട്. ശാശ്വതമായത് സംരക്ഷിക്കപ്പെടുന്നു അനിത്യമായത് സമയം, സ്ഥലം, സന്ദര്‍ഭം എന്നിവയ്‌ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു.
ഗോത്ര മേഖലകളില്‍ സംഘ പ്രവര്‍ത്തനം എങ്ങനെ വളര്‍ന്നുവരുന്നു?
ഗോത്രമേഖലകളിലെ പ്രാഥമിക പ്രവര്‍ത്തനം ഗോത്ര ജനതയെ ശാക്തീകരിക്കുകയും അവരെ സേവിക്കുകയും ചെയ്യുക എന്നതാണ്. പിന്നീട്, അവരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ഉള്‍പ്പെടുത്തി.
ഗോത്രസമൂഹങ്ങളില്‍ നിന്ന് അവരുടെതായ നേതൃനിര ഉണ്ടാകണം. അവര്‍ ആ സമൂഹത്തെ സംരക്ഷിക്കുകും ഗോത്രജനതയെ രാഷ്‌ട്രത്തിന്റെ അവിഭാജ്യ ഘടകമായി നിലനിര്‍ത്തുകയും വേണം. ഈ ധാരണയില്‍ അവര്‍ മുന്നേറണം. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ആരാണ് പട്ടികവര്‍ഗ്ഗ സമൂഹം, അവരുടെ വേരുകള്‍ എവിടെയാണ്.? ഗോത്രസമൂഹത്തിലെ മഹാന്മാര്‍, ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ബലിദാനികളായ ഗോത്ര സമൂഹനേതാക്കള്‍ ഇവരെകുറിച്ചുള്ള അവബോധം ഈ സമൂഹത്തിലുണ്ടാകണം.
ദേശീയ വികാരങ്ങളെ പ്രതിധ്വനിപ്പിക്കുകയും അതിനനുസരിച്ച് സംഭാവന നല്‍കുകയും ചെയ്യുന്ന നേതൃത്വത്തെയും കാര്യകര്‍ത്താക്കളെയും അടിസ്ഥാന തലത്തില്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിജയിക്കുന്നതിനായി പട്ടികവര്‍ഗ പാരമ്പര്യങ്ങള്‍, അവരുടെ വേരുകള്‍, പ്രാദേശിക ബിംബങ്ങള്‍, സ്വാതന്ത്ര്യസമരത്തില്‍ അവര്‍ നല്‍കിയ സംഭാവന എന്നിവയെ പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമാണ്. വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ ഭാരതത്തിലെ വിവിധ ഗോത്ര മേഖലകളിലുടനീളം ശാഖകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.