ന്യൂദല്‍ഹി: ആര്‍എസ്എസ് രൂപീകരിച്ചത് ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി വിജ്ഞാന്‍ ഭവനില്‍ നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ആദ്യ ദിവസം സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘയാത്ര നൂറ്റാണ്ട് പൂര്‍ത്തിയാക്കി. എന്തിനാണ് സംഘം സ്ഥാപിച്ചത്, എന്തൊക്കെ തടസങ്ങള്‍ നേരിട്ടു, സ്വയംസേവകര്‍ എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിച്ച് ദൗത്യം മുന്നോട്ട് കൊണ്ടുപോയത്, നൂറുവര്‍ഷമായശേഷവും പുതിയ ചക്രവാളങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമുണ്ട്. സംഘപ്രാര്‍ത്ഥന അവസാനിക്കുന്നത് ‘ഭാരത് മാതാ കീ ജയ്’ എന്നാണ്. ഇത് മാതൃ രാജ്യമാണ്, അതിന്റെ മഹത്വം ഉയര്‍ത്തപ്പെടണം, ലോകത്ത് അത് ഉന്നത സ്ഥാനം നേടണം. സംഘത്തിന്റെ അടിസ്ഥാനപരമായ ശ്രമം സമാജപരിവര്‍ത്തനമാണ്. രാഷ്‌ട്രത്തെ മഹത്തരമാക്കാനുള്ള വഴി സമാജത്തിന്റെ ഗുണകരമായ വികാസവും രാജ്യപുരോഗതിയില്‍ മുഴുവന്‍ സമൂഹത്തിന്റെയും പങ്കാളിത്തവുമാണ്.
ബ്രിട്ടീഷുകാരുടെ വരവിനു വളരെ മുമ്പുതന്നെ രാഷ്‌ട്രം ഒന്നായിരുന്നുവെന്നും ഐക്യത്തോടെ നിലനിന്നിരുന്നുവെന്നും മഹാത്മാഗാന്ധി ഹിന്ദ് സ്വരാജില്‍ എഴുതി. നമ്മുടെ രാജ്യം കാലാകാലങ്ങളായി നിലനില്‍ക്കുന്നു.സാഹചര്യങ്ങള്‍ മാറാം, പക്ഷേ അടിസ്ഥാന ഐക്യത്തില്‍ മാറ്റമില്ല. 40,000 വര്‍ഷമായി, അഖണ്ഡഭാരതത്തില്‍ ജീവിക്കുന്ന ഭാരതീയരുടെ ഡിഎന്‍എ ഒന്നുതന്നെ. നമ്മുടെ സംസ്‌കാരവും ലോകവീക്ഷണവും ഒന്നാണ്. സംഘര്‍ഷമല്ല, സമന്വയമാണ് നമ്മുടെ ധര്‍മം.
സംഘം സമൂഹത്തിന്റെ മുഴുവന്‍ സംഘടനയാണ്. മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെയും സംഘടന. ഹിന്ദു എന്നാല്‍ അര്‍ത്ഥം ഉള്‍ക്കൊള്ളല്‍ എന്നാണ്. ഹിന്ദുവായിരിക്കുക എന്നതിന്റെ അര്‍ത്ഥം മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കാതെ സ്വന്തം പാത പിന്തുടരുക എന്നും. ഈ പാരമ്പര്യം പിന്തുടരുന്നവര്‍ ഹിന്ദുക്കളാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോഴും, എല്ലാവരെയും സ്വീകരിച്ചുകൊണ്ട് ഐക്യത്തോടെ മുന്നോട്ട് പോകാം എന്നതാണ് സംഘടനയുടെ സത്ത.
സ്വാതന്ത്ര്യശേഷം, കോണ്‍ഗ്രസിന് ശരിയായ ദിശ നല്‍കിയിരുന്നെങ്കില്‍, ഇന്ന് ചിത്രം വ്യത്യസ്ഥമായേനേ… പക്ഷേ സംഭവിച്ചില്ല. സംഘത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, പക്ഷേ ഭൂരിഭാഗവും വസ്തുതകളെയോ ആധികാരിക വിവരങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. ബോധ്യപ്പെടുത്താനല്ല, വസ്തുതകള്‍ അറിയിക്കാനാണെന്ന് സംവാദ പരിപാടി. 2018ലും ഇതേ വേദിയില്‍ സംവാദം സംഘടിപ്പിച്ചിരുന്നതായും സര്‍ സംഘചാലക് പറഞ്ഞു. സര്‍കാര്യവാഹ് ദത്താത്രെയ ഹൊസബാളെ, ഉത്തര ക്ഷേത്ര സംഘ ചാലക് പവന്‍ ജിന്‍ഡാല്‍, ദല്‍ഹി പ്രാന്ത സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവരും പങ്കെടുത്തു.
സംവാദപരമ്പരയില്‍ ശ്രീലങ്ക, വിയറ്റ്‌നാം, ലാവോസ്, സിംഗപ്പൂര്‍, ആസ്‌ട്രേലിയ, ചൈന, റഷ്യ, ഒമാന്‍, ഇസ്രായേല്‍, നോര്‍വെ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, യുകെ, യൂറോപ്യന്‍ യൂണിയന്‍, അയര്‍ലന്‍ഡ്, ജമൈക്ക, അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന എന്നീ ഹൈക്കമ്മീഷന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പ്രഭാഷണം തത്സമയം ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളില്‍ കേള്‍ക്കാം.