
ബിക്കാനേര്‍(രാജസ്ഥാന്‍): ആര്‍എസ്എസ് സമാജത്തിനുള്ളിലെ സംഘടനയല്ല, സമാജത്തിന്റെ സംഘടനയാണെന്ന് സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍. സംഘത്തെ മനസിലാക്കുന്നതിന് അത് അനുഭവമാകണം. സാമൂഹിക പരിവര്‍ത്തനത്തിനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രനിര്‍മ്മാണത്തിന്റെ അടിത്തറയായി സംഘം കാണുന്നത് വ്യക്തിത്വവികസനത്തെയാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി ബിക്കാനേര്‍ വെറ്ററിനറി കോളേജില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍കുമാര്‍.
ആര്‍എസ്എസ് ആരെയും എതിരാളിയായി കണക്കാക്കുന്നില്ല. ചെയ്യുന്ന ഒരുകാര്യത്തിന്റെ മേലും സംഘത്തിന് അവകാശവാദവുമില്ല. സംഘടിതവുമായ ഉണര്‍ന്നെഴുന്നേറ്റതുമായ സമൂഹമാണ് മാറ്റത്തിന്റെ പ്രേരണ. നമ്മുടെ യുവതലമുറ സ്വന്തം കാഴ്ചപ്പാടുകളെ രൂപീകരിക്കണം. അതിന് അധിനിവേശ അസ്മിതകള്‍ ഉപേക്ഷിക്കണം. ഭിന്നതകളുടെ സ്വരത്തിലല്ല, ഒരുമയുടെ ദര്‍ശനത്തില്‍ ജീവിക്കണം, അദ്ദേഹം പറഞ്ഞു.
നൂറ് വര്‍ഷത്തെ സംഘയാത്രയില്‍ ആദ്യ കാല്‍ നൂറ്റാണ്ട് സംഘടനാവികാസം മാത്രം ലക്ഷ്യമിട്ടതായിരുന്നു. അടുത്ത 25 വര്‍ഷം എതിര്‍പ്പുകളുടെ കാലമായിരുന്നു. പിന്നീട് കാല്‍ നൂറ്റാണ്ട് സ്വീകാര്യതയുടേതായി. അവസാനത്തെ 25 വര്‍ഷം വ്യാപകമായ പിന്തുണയും വിശ്വാസ്യതയുമാണ് സംഘത്തിന് ലഭിക്കുന്നത്, സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.