• Wed. Mar 19th, 2025

24×7 Live News

Apdin News

സംഘത്തിന് നൂറുവയസ്; ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷപരിപാടികള്‍; അഖിലഭാരതീയ പ്രതിനിധിസഭ മാര്‍ച്ച് 21 മുതല്‍ 23 വരെ ബംഗളൂരുവില്‍

Byadmin

Mar 19, 2025


ബംഗളൂരു: സംഘപ്രവര്‍ത്തനം ആരംഭിച്ച് നൂറുവര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു. 2025വിജയദശമി മുതല്‍ 2026ലെ വിജയദശമി വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ നടക്കും. സമൂഹത്തിലെ മുഴുവന്‍ ആളുകളിലേക്കും എത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശതാബ്ദി വര്‍ഷത്തിലുണ്ടാവുമെന്നും പ്രചാര്‍ പ്രമുഖ് അറിയിച്ചു. ബംഗളൂരുവില്‍ അഖിലഭാരതീയ പ്രതിനിധിസഭ ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിനിധിസഭയുടെ ആദ്യദിനം 2024-25ലെ പ്രവര്‍ത്തക റിപ്പോര്‍ട്ട് അഖിലഭാരതീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളും പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പ്രതിനിധിസഭയില്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള രണ്ട് പ്രമേയങ്ങള്‍ പ്രതിനിധിസഭയില്‍ അവതരിപ്പിക്കും. ബംഗ്ലാദേശിലെ വിഷയങ്ങളിന്മേലാണ് ഒരു പ്രമേയം. ബംഗ്ലാദേശിലെ അടക്കം ലോകത്തെവിടെയുമുള്ള ഹിന്ദുക്കളുടെ സ്വാഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.സംഘത്തിന്റെ നൂറുവര്‍ഷ യാത്രയില്‍ മുന്നോട്ടുള്ള കാര്യപരിപാടികള്‍ വിശദീകരിക്കുന്നതാണ് രണ്ടാമത്തെ പ്രമേയം.

കൂടുതല്‍ യുവാക്കള്‍ ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നതായും 1.2 ലക്ഷം യുവാക്കള്‍ എല്ലാവര്‍ഷവും സംഘശാഖകളിലൂടെ പുതിയ പ്രവര്‍ത്തകര്‍ സംഘടനയുടെ ഭാഗമാകുന്നതായും സുനില്‍ ആംബേക്കര്‍ പറഞ്ഞു.
മാര്‍ച്ച് 23ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ നടത്തുന്ന പത്രസമ്മേളനത്തില്‍ സംഘത്തിന്റെ നയപരിപാടികളെപ്പറ്റി വിശദീകരിക്കുമെന്നും അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ചേര്‍ന്ന ദക്ഷിണ മധ്യക്ഷേത്രത്തിന്റെ ക്ഷേത്രീയ കാര്യവാഹ് എന്‍ തിപ്പൈസ്വാമിയും പങ്കെടുത്തു.

 



By admin