
ബെംഗളൂരു: ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ സംഘയാത്രയുടെ നൂറ് വര്‍ഷം: പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവതിന്റെ ദ്വിദിന പ്രഭാഷണ പരമ്പരയ്‌ക്ക് ബെംഗളൂരുവില്‍ തുടക്കം. ബനശങ്കരി പിഇഎസ് കോളജിലാണ് പരിപാടി. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ നടന്ന സംവാദപരമ്പരയുടെ തുടര്‍ച്ചയായാണ് പരിപാടി.
ആര്‍ എസ്എസിന്റെ ഒരു നൂറ്റാണ്ട് യാത്ര, സംഘ ദര്‍ശനം, രാഷ്‌ട്രനിര്‍മ്മാണത്തോടുള്ള ആര്‍എസ്എസിന്റെ പ്രതിബദ്ധത എന്നീ വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍, സംഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങള്‍, സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജീവിതവും ദൗത്യവും, ഹിന്ദു സ്വത്വത്തിന്റെയും ഐക്യത്തിന്റെയും സമവാക്യം എന്നിവ ഡോ ഭാഗവത് പ്രതിപാദിച്ചു.
സംഘം യഥാര്‍ത്ഥത്തില്‍ എന്താണെന്നും എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നും നിര്‍വചിച്ചാണ് പ്രസംഗം ആരംഭിച്ചത്. ലോകത്തിലെ മറ്റേതൊരു സംഘടനയില്‍ നിന്നും വ്യത്യസ്തമായി ആര്‍എസ്എസ് ഒരു സവിശേഷ സംഘടനയാണ്. ഏതെങ്കിലും പ്രത്യേക സംഭവത്തിനോ സാഹചര്യത്തിനോ ഉള്ള പ്രതികരണമായി സൃഷ്ടിക്കപ്പെട്ടതല്ല. ആരെയും എതിര്‍ത്ത് രൂപീകരിച്ച സംഘടനയുമല്ല. മുഴുവന്‍ സമൂഹത്തെയും ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം.
സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണ് സംഘത്തിന്റെ രീതിശാസ്ത്രം. ഭാരതത്തെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വഭാവത്തിലും, അച്ചടക്കത്തിലും, സമര്‍പ്പണത്തിലും വ്യക്തികളെ വാര്‍ത്തെടുക്കുക എന്നതാണ് സംഘ പ്രവര്‍ത്തകരുടെ ലക്ഷ്യം.
സംഘത്തിന്റെ ലക്ഷ്യം മറ്റുള്ളവരെ ആക്രമിക്കലല്ല. വ്യക്തിപരമായ നേട്ടത്തെക്കുറിച്ചല്ല, ഭാരതമാതാവിനെക്കുറിച്ച് ചിന്തിക്കാനാണ് ശാഖകളില്‍ വ്യക്തികളെ പരിശീലിപ്പിക്കുന്നത്. ഭാരതത്തിന്റെ വികസനമാണ് പ്രധാന വിഷയം. മുഴുവന്‍ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുക, അതുവഴി രാഷ്‌ട്രത്തെ ഏകോപിപ്പിക്കുക എന്നതാണ് സംഘടനയുടെ ഏക ലക്ഷ്യം.
സംഘത്തിന്റെ പ്രാര്‍ത്ഥന പോലും ഈ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. സംഘ പ്രാര്‍ത്ഥന ഭാരതമാതാവിനോടുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച് ഭാരത് മാതാ കീ ജയ് എന്ന് അവസാനിക്കുന്നു. ഇത് മറ്റൊരിടത്തും കാണാന്‍ സാധിക്കുന്നതല്ല, അദ്ദേഹം വിശദീകരിച്ചു.
സംഘത്തിന്റെ ലക്ഷ്യം അധികാരമോ രാഷ്‌ട്രീയ നിയന്ത്രണമോ അല്ല, മറിച്ച് രാഷ്‌ട്രത്തിന്റെ മഹത്വമാണെന്ന് ഡോ. ഭഗവത് സദസ്സിനെ ഓര്‍മ്മിപ്പിച്ചു. സംഘം എല്ലായ്‌പ്പോഴും സാമ്പത്തികമായി സ്വയംപര്യാപ്തമാണ്. ലോകത്തിലെ ഒരു സന്നദ്ധ സംഘടനയും ആര്‍എസ്എസിനെപ്പോലെ നിരവധി പരീക്ഷണങ്ങളിലൂടെയും നിരോധനങ്ങളിലൂടെയും കടന്നുപോയിട്ടില്ല. അത് തന്നെയാണ് സംഘത്തിന്റെ വിജയവും.സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തു നിന്ന് ഒരു പൈസ പോലും എടുക്കുന്നില്ല.