• Sat. Jan 3rd, 2026

24×7 Live News

Apdin News

സംഘശതാബ്ദി യുവസംവാദം: ഭയരഹിതരാകാം, രാജ്യത്തെ നയിക്കാം ഡോ. മോഹന്‍ ഭാഗവത്

Byadmin

Jan 3, 2026



ഭോപാല്‍ (മധ്യപ്രദേശ്): സംസ്‌കാരവും ധര്‍മവും സംരക്ഷിച്ച് ഭാരതത്തെ പരമവൈഭവത്തിലെത്തിക്കുകയാണ് നമ്മുടെ ദൗത്യമെന്ന് ആര്‍എസ്എസ് മധ്യഭാരത് പ്രാന്തം സംഘടിപ്പിച്ച യുവസംവാദത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുശഭാവു ഠാക്കറെ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അറുനൂറോളം യുവാക്കളാണ് പങ്കെടുത്തത്.

ഭയമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയണം. രാഷ്‌ട്രത്തെ ലോകത്തിന്റെ സമുന്നതസ്ഥാനത്തേക്ക് എത്തിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ടുവരണം. രാഷ്‌ട്രത്തിന്റെ പരമവൈഭവം ലക്ഷ്യമാക്കിയാണ് സംഘം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നത്. അത് സ്വയംസേവകരുടെ പ്രതിജ്ഞയാണ്. എന്നാല്‍ ഈ ലക്ഷ്യസാധ്യത്തിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എല്ലാവരും മാറ്റങ്ങള്‍ക്കായി യത്നിക്കണം. അതിന് ഓരോ വ്യക്തിയും മാറ്റത്തെ സ്വീകരിക്കണം. സദ്ഗുണസമ്പന്നമായ സമൂഹത്തിനേ മികച്ച നേതാക്കളെയും നയങ്ങളെയും സംഭാവന ചെയ്യാന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.

രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സദ്ഗുണങ്ങള്‍ സ്വീകരിക്കണം. അഹങ്കാരവും സ്വാര്‍ത്ഥതയും ഉപേക്ഷിക്കണം. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ലോകത്തിലെ ഒരേയൊരു സംവിധാനം ശാഖയാണ്. രാഷ്‌ട്രമൊന്നാണെന്ന ഭാവത്തിന്റെ അഭാവമാണ് നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് തിരിച്ചറിഞ്ഞാണ് സംഘ സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ ശാഖാകാര്യ പദ്ധതിക്ക് രൂപം നല്കിയത്. രാഷ്‌ട്രപ്രേമത്തിന്റെ വിദ്യാശാലയാണത്. അത് അനുഭൂതിയാക്കാനും ലക്ഷ്യമുള്ളിലുറപ്പിക്കാനും യുവാക്കള്‍ ശാഖകളിലേക്ക് എത്തണം. യുവാക്കള്‍ അരക്ഷിതാവസ്ഥയെ കുടഞ്ഞെറിഞ്ഞ് രാഷ്‌ട്രനിര്‍മാതാക്കളായി മാറണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകത്തിന്റെ ശ്രദ്ധ അധികാരങ്ങളിലാണെന്നും സമാജത്തെ ഒരുമിച്ച് ചേര്‍ത്ത് രാഷ്‌ട്രത്തിന് ധര്‍മത്തിന്റെ വഴി കാട്ടുന്നതിലാണ് സംഘം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ അവനവന്റെ ഉത്തരവാദിത്തമാണ്. അപകടസാധ്യതകളെ ഏറ്റെടുത്തല്ലാതെ വിജയത്തിന്റെ പാതയില്‍ നടക്കാനാകില്ല. വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പോരാട്ടത്തെ ഭയപ്പെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ, ഭോപാല്‍ കരുണ ധാം അധിപതി സുദേഷ് ഷാന്‍ഡില്യ എന്നിവരും സംസാരിച്ചു.

 

By admin