• Tue. Nov 26th, 2024

24×7 Live News

Apdin News

സംഭലിലെ സംഘർഷം: 25 പേർ അറസ്റ്റിൽ | National | Deshabhimani

Byadmin

Nov 26, 2024



ന്യൂഡൽഹി > ഉത്തർപ്രദേശിലെ സംഭലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി ജുമാ മസ്‌ജിദിലെ സർവേയ്‌ക്കിടെയുണ്ടായ സംഘർഷത്തിൽ 25 പേർ അറസ്റ്റിലായി. പൊലീസ്‌ വെടിവയ്‌പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാർടിയുടെ 12 അം​ഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. സംഘർഷാവസ്ഥ കണക്കിലെടുത്ത് പുറത്തുനിന്നുള്ളവർ 30 വരെ നഗരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ അധികൃതർ വിലക്കിയിട്ടുണ്ട്. നഗരത്തിൽ ഇന്റർനെറ്റ്‌ സേവനങ്ങൾ റദ്ദാക്കി. എല്ലാവരും സമാധാനം പാലിക്കണമെന്ന്‌ മസ്‌ജിദ്‌ ഇമാം അഭ്യർഥിച്ചു.

ജനങ്ങളെ ഇളക്കിവിട്ടെന്ന്‌ ആരോപിച്ച്‌ സമാജ്‌വാദി പാർടി എംപി സിയ ഉർ- റഹ്‌മാൻ ബാർഖ്, എസ്‌പി എംഎൽഎ ഇഖ്ബാൽ മെഹമൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാൽ എന്നിവരെ പ്രതിയാക്കി ഇന്നലെ യുപി പൊലീസ് കേസെടുത്തു. ശ്രീ ഹരിഹർ ക്ഷേത്രം തകർത്ത്‌ മുഗൾ ചക്രവർത്തി ബാബർ എഡി 1527- 28ൽ നിർമിച്ചതാണ്‌  മസ്ജിദ്‌ എന്ന് കാണിച്ച്‌  സംഘപരിവാർ നേതാക്കൾ നൽകിയ ഹർജിയിലാണ്‌  കോടതി അതിവേഗം സർവേയ്‌ക്ക്‌ ഉത്തരവിട്ടത്‌. ചൊവ്വാഴ്‌ച ഫയൽചെയ്‌ത പരാതി കോടതി അന്നുതന്നെ പരിഗണിച്ച്‌ അഭിഭാഷകൻ രമേഷ് രാഘവിനെ അഡ്വക്കേറ്റ് കമീഷനായി നിയമിച്ചു. 29നകം റിപ്പോർട്ട്‌ നൽകാനും നിർദേശിച്ചു. മണിക്കൂറുകൾക്കകം  സർവേ തുടങ്ങി. ഞായറാഴ്‌ച രാവിലെ ഏഴോടെ വൻ പൊലീസ്‌ സന്നാഹവുമായി രണ്ടാംഘട്ട സർവേ നടത്താൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

പൊലീസ്‌ മസ്‌ജിദിൽ കയറുന്നത്‌  ചോദ്യംചെയ്‌തതോടെ സംഘർഷമായി. സർവേ സംഘത്തെ അനുഗമിച്ച സംഘപരിവാർ അനുകൂലികളും പ്രതിഷേധക്കാരും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ്‌ ലാത്തിവീശി. കല്ലേറിൽ എഡിഎമ്മിനും പൊലീസുകാർക്കും അടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. പ്രതിഷേധവുമായെത്തിയ സ്ഥലവാസികൾക്കെതിരെ പൊലീസ് വെടിയുതിർത്തു. അഞ്ചുപേരാണ് മരിച്ചത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin