ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പിലൂടെ പ്രതികള്‍ മൈസൂരുവില്‍ റിസോര്‍ട്ട് വാങ്ങി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സിംഗപ്പൂരിലേക്കും. മുഖ്യപ്രതി സിംഗപ്പൂര്‍ സ്വദേശി മുസ്തഫ കമാലിനെ പിടികൂടാനാണ് നീക്കം. ഇതിലൂടെ 1600 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കേസിലുള്‍പ്പെട്ട സയ്യിദ് മുഹമ്മദിനും ടി.ജി വര്‍ഗീസിനും തട്ടിപ്പിന്റെ പ്രതിഫലമായി 2.7 കോടി ലഭിച്ചതായും കണ്ടെത്തല്‍. ഇവരുടെ അക്കൗണ്ടുകളിലൂടെ പണമിടപാട് നടന്നത് 718 കോടിയാണ്. ഈ പണം ഉപയോഗിച്ച് പ്രതികള്‍ മൈസൂരുവില്‍ റിസോര്‍ട്ട് വാങ്ങുകയും ചെയ്തു. അതേസമയം പ്രതികള്‍ ചൈനയില്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസം ഇതേ കേസില്‍ ചെന്നൈ സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരെ ഇ ഡി പിടികൂടിയിരുന്നു. പിന്നാലെയാണ് സയ്യിദ് മുഹമ്മദും ടി ജി വര്‍ഗീസും അറസ്റ്റിലായത്.
500-ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.
വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.