അഹമ്മദാബാദ്: യുപിയിലെ സംഭാലിലെ ഹിന്ദു ജനസംഖ്യ കുറയ്‌ക്കാനും മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനകള്‍ മാറി മാറി വന്ന സമാജ് വാദി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തുവെന്ന് യോഗി ആദിത്യനാഥ്. 2024 നവമ്പറില്‍ യുപിയിലെ സംഭാലില്‍ നടന്ന വര്‍ഗ്ഗീയലഹളയെക്കുറിച്ച് പഠിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹിന്ദുസമുദായത്തിനെതിരെ നടന്ന ആസൂത്രിത ഗൂഢാലോചനയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കാലാകാലങ്ങളായി ഹിന്ദു ജനസംഖ്യയെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം സംഭാലില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും നടത്തിയിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിട്ട. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സംഭാലിനെ നടുക്കിയ അഞ്ച് പേരുടെ മരണത്തിന് കാരണമായ സംഭാല്‍ കലാപത്തെക്കുറിച്ച് പഠനം നടത്തി 450 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1529ല്‍ നിലനിന്നിരുന്ന ഹരിഹര്‍ ക്ഷേത്രത്തെ മുഗള്‍ ഭരണാധികാരി തകര്‍ത്തെറിഞ്ഞാണ് ഷാഹി ജുമാ മസ്ജിദ് പണിതതെന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി ഷാഹി ജുമാ മസ്ജിദില്‍ സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ലഹള പൊട്ടിപ്പുറപ്പെട്ടത്.
സംഭാലില്‍ ഹിന്ദു ജനസംഖ്യ 45ല്‍ നിന്നും 15 ശതമാനമായി കുറഞ്ഞതെങ്ങിനെ?
1947ല്‍ സംഭാലില്‍ ഹിന്ദു ജനസംഖ്യ 45 ശതമാനമായിരുന്നു. എന്നാല്‍ 2024ല്‍ അത് വെറും 15 ശതമാനമായി ചുരുങ്ങി. അതേ സമയം ഈ പട്ടണത്തില്‍ 1947ല്‍ 55 ശതമാനത്തോളം ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 2024ല്‍ 85 ശതമാനമായി ഉയരുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നുയടന്‍ വിശ്വഹിന്ദു പരിഷത്ത് സംഭാലില്‍ പ്രകടനം നടത്തി. സംഭാലിലെ സമാജ് വാദി എംപി സിയാ ഉര്‍ റഹ്മാന്റെ കോലം കത്തിച്ചു. സംഭാലില്‍ കലാപമുണ്ടാക്കിയതിന് പിന്നിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്നും വിഎച്ച് പി നേതാക്കള്‍ ആരോപിച്ചു. യുപിയില്‍ മാറി മാറി ഭരണത്തില്‍ വന്ന സമാജ് വാദി, കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ മുസ്ലിം പ്രീണന നയമാണ് ഇവിടുത്തെ ഹിന്ദു ജനസംഖ്യ ക്ഷയിക്കാന്‍ കാരണമായതെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.
മുസ്ലിം മതപണ്ഡിതനായ മൗലാന ഷബുദ്ദീന്‍ റിസ് വി പറയുന്നത് ഹിന്ദുക്കള്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി സംഭാല്‍ വീട്ടുപോയതിനാലാണ് അവര്‍ ന്യൂനപക്ഷമായിപ്പോയത് എന്നാണ്. “മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനും നല്ല ജോലി കിട്ടാനും വേണ്ടി ഹിന്ദുകള്‍ സംഭാല്‍ വിട്ടുപോയതാണ്.”-മൗലാന ഷബുദ്ദീന്‍ റിസ് വി പറയുന്നു. അതേ സമയം, ബിജെപിയുടെ യുപി വക്താവ് രാജേഷ് ത്രിപാഠിക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. പുറത്തുനിന്നും ആസൂത്രിതമായി മുസ്ലിങ്ങള്‍ കൂട്ടത്തോടെ സംഭാലിലേക്ക് അവരുടെ ആളുകള്‍ കൊണ്ടുവരുന്നതാണ് വലിയ പ്രശ്നം. ഇത് അവസാനിപ്പിക്കണം. – രാജേഷ് ത്രിപാഠി ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ ഇനി യുപി വിട്ടോടേണ്ടിവരും- യോഗി
ഇനി അത് വിലപ്പോകില്ല. സംഭാലിലെ ജനസംഖ്യഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ ഈ സംസ്ഥാനത്ത് നിന്നു തന്നെ പുറത്ത് പോകേണ്ടിവരുമെന്ന് യോഗി മുന്നറിയിപ്പ് നല്‍കി. പ്രതാപ് ഗറില്‍ 570 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി.
ഇന്ത്യാമുന്നണി ശരിയ്‌ക്കും ഇന്ത്യാ വിരുദ്ധ ചേരിയാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പല കഷണങ്ങളായി മുറിക്കുകയാണ് ഇവരുടെ ലക്ഷ്യം.