സംഭാൽ കലാപത്തി പൊലീസിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് അറസ്റ്റിലായിരുന്ന മുസ്‌ലിം സ്ത്രീയെ വെറുതെ വിട്ട് കോടതി. നവംബർ 26 മുതൽ മൊറാദാബാദ് ജയിലിൽ കഴിയുന്ന സ്ത്രീയെ സംഭാലിലെ പ്രാദേശിക കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം വിട്ടയച്ചത്.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആദിത്യ സിങ് ബുധനാഴ്ച കുറ്റാരോപിതയായ ഫർഹാനയെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കാൻ ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നിന്ന് മോചിതയായ ആദ്യ കുറ്റാരോപിതയും ഫർഹാനയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കല്ലെറിയൽ, വെടിവയ്പ്പ്, തീവയ്പ്പ് എന്നിവ ഉൾപ്പെട്ട അക്രമത്തിൽ ഫർഹാന ഉൾപ്പെടെ 79 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു വിവരദാതാവിന്റെ സൂചനയുടെ അടിസ്ഥാനത്തിലാണ് ഫർഹാനയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണത്തിൽ ഫർഹാന നിരപരാധിയാണെന്ന് കണ്ടെത്തിയതായി അവരുടെ അഭിഭാഷകൻ ഗനി അൻവർ പറഞ്ഞു.
‘ഞങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുകയും ന്യായമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തിൽ ഫർഹാന നിരപരാധിയാണെന്ന് തെളിഞ്ഞു. കോടതി ഫർഹാനയെ മോചിപ്പിക്കാൻ ഉത്തരവിട്ടതിന് ശേഷം, അവരെ ജയിലിൽ നിന്ന് മോചിപ്പിച്ചു.
ഫർഹാന നിരപരാധിയായിരുന്നു, അതിനുള്ള തെളിവുകൾ ഞങ്ങൾ നൽകിയിരുന്നു, കേസിൽ എന്റെ കക്ഷിക്ക് ക്ലീൻ ചിറ്റ് ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു,’ അൻവർ പറഞ്ഞു. അവർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഫർഹാനയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
2024 നവംബർ 24 ന്, ഷാഹി ജുമാ മസ്ജിദ് നിർമിച്ചത് ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണെന്ന അവകാശവാദത്തെത്തുടർന്ന് കോടതി പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് സംഭാലിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദിൽ നടത്തിയ സർവേയ്ക്കിടെ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി. ഇതിൽ ആറ് പേർ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.