തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശന്റെ മകന് കുഞ്ഞ് പിറന്നതോടെ അപ്പൂപ്പനായതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മകന്‍ സിദ്ധാര്‍ത്ഥിനും ഭാര്യ മെര്‍ലിനും കുഞ്ഞ് പിറന്നതോടെയാണ് പ്രിയദര്‍ശന്‍ അപ്പൂപ്പനായത്.
ഇതിന്റെ ഫോട്ടോ ഫെയ്സ് ബുക്കില്‍ പങ്കുവെയ്‌ക്കപ്പെട്ടിരുന്നു. ഈയിടെ കല്യാണി പ്രിയദര്‍ശന്റെ 32ാം ജന്മദിനവും ആഘോഷിക്കപ്പെട്ടിരുന്നു. ഈ രണ്ട് ആഘോഷങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നത്. ഫോട്ടോയില്‍ പ്രിയദര്‍ശന്‍, തന്റെ മകളെ എടുത്ത് നില്‍ക്കുന്ന മകന്‍ സിദ്ധാര്‍ത്ഥ്, മരുമകള്‍ മെര്‍ലിന്‍, അവര്‍ക്ക് മുന്‍പില്‍ സന്തോഷത്തോടെ ഇരിയ്‌ക്കുന്ന കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കാണാം.
കല്യാണിയുടെ ജന്മദിനാഘോഷത്തില്‍ നിന്നൊരു ഫോട്ടോ എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്. സിദ്ധാര്‍ത്ഥിന്റെ കയ്യിലെ കുഞ്ഞിനെ കണ്ടതോടെ പ്രിയദര്‍ശന്‍ ഫാന്‍സിന് അത് വലിയൊരു ആഘോഷമായി മാറി. “അങ്ങിനെ പ്രിയദര്‍ശന്‍ അപ്പൂപ്പനായിരിക്കുന്നു. സിദ്ധാര്‍ത്ഥിന് ഒരു കുഞ്ഞ് ജനിച്ചത് അറിഞ്ഞതേയില്ല” എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കമന്‍റ് ബോക്സില്‍ എത്തുന്നത്.
2023ലാണ് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായത്. അമേരിക്കന്‍ പൗരത്വമുള്ള സിദ്ധാര്‍ത്ഥ് ലളിതമായ ചടങ്ങിലാണ് മെര്‍ലിനെ വിവാഹം കഴിച്ചത്. അമേരിക്കയില്‍ നിന്നും ഗ്രാഫിക്സ് പഠിച്ച് സിദ്ധാര്‍ത്ഥ് പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ വിഎഫ് എക്സ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു. അതിന് സിദ്ധാര്‍ത്ഥിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.