• Mon. Mar 2nd, 2026

24×7 Live News

Apdin News

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Byadmin

Mar 2, 2026



കുരുക്ഷേത്ര(ഹരിയാന): സമൂഹം, സംസ്‌കാരം, മൂല്യങ്ങള്‍, ധാര്‍മ്മികത, നല്ല പെരുമാറ്റം എന്നിവയാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധാര്‍മ്മിക മൂല്യങ്ങളും പ്രതിബദ്ധതയും പെരുമാറ്റവുമായി സംയോജിപ്പിക്കുമ്പോള്‍ മാത്രമേ ആരോഗ്യകരമായ സമൂഹസൃഷ്ടി സാധ്യമാകൂ, അദ്ദേഹം പറഞ്ഞു. കുരുക്ഷേത്ര സര്‍വകലാശാലയിലെ ശ്രീമദ് ഭഗവദ്ഗീത ഓഡിറ്റോറിയത്തില്‍ സംഘശതാബ്ദിയോനുബന്ധിച്ച് നടന്ന പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

വീടുകളില്‍ ശുഭകരമായ സംഭാഷണത്തിന്റെ പാരമ്പര്യം വളര്‍ത്തിയെടുക്കണം. സംഭാഷണവും സംസ്‌കാരസമ്പന്നമായ അന്തരീക്ഷവുമാണ് ഒരു വ്യക്തിയെ വഴിതെറ്റുന്നതില്‍ നിന്ന് സംരക്ഷിക്കുന്നത്. സമൃദ്ധിയുടെ കാലത്ത് പലരും ഒപ്പമുണ്ട്, എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ സഹായിക്കുക കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങളാണ്. ഒരു വ്യക്തി പരാജയപ്പെടുകയോ മോശം കൂട്ടുകെട്ടില്‍ അകപ്പെടുകയോ ചെയ്താല്‍, അവരെ നയിക്കുകയും ഉപദേശിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യേണ്ടത് കുടുംബവും സമൂഹവുമാണ്. കുടുംബത്തിലും സമൂഹത്തിലും മൂല്യങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുക കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘം താരതമ്യങ്ങളില്ലാത്ത സംഘടനയാണ്. ദൂരെ നിന്ന് അതിനെ മനസ്സിലാക്കാനാവില്ല. സംഘം സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
സമൂഹത്തെ സംഘടിപ്പിക്കാതെ രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകില്ല. അതിന്റെ ഉത്തരവാദിത്തം ഏതെങ്കിലും സംഘടനയിലോ വ്യക്തിയിലോ ഒതുങ്ങുന്നതല്ല. വ്യവസ്ഥാപിതമായ മാറ്റത്തിന് സാമൂഹികപരിവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ പ്രാഥമിക ദൗത്യം വ്യക്തിനിര്‍മാണവും സംഘടിത സമാജവുമാണ്. സംഘം ആരുടെയും രക്ഷകരല്ല, മറിച്ച് സമൂഹത്തെ ശക്തമാക്കാനാണ് പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സമൂഹത്തിന്റെയും സംയോജനമുണ്ടാകണം. ഹിന്ദുധര്‍മ്മം സങ്കുചിതമല്ല, മറിച്ച് മൂല്യങ്ങളിലും ദേശീയ താല്‍പ്പര്യത്തിലും അധിഷ്ഠിതമായ സാംസ്‌കാരികവും ഗുണപരവുമായ ജീവിതദര്‍ശനത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ബി.എസ്. ജയ്സ്വാള്‍, ഉത്തരക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, പ്രാന്ത സംഘചാലക് പ്രതാപ് സിംഗ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

By admin