നാഗ്പൂര്‍: സംസ്‌കൃതത്തിന്റെ മുന്നേറ്റത്തിന് ഭരണകൂട പിന്തുണ മാത്രമല്ല ജനകീയ പിന്തുണയും അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നിലവിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ നേതൃത്വവും ഭാരതം സ്വാശ്രയമാകണമെന്ന് നമ്മോട് പറയുന്നുണ്ട്. സ്വന്തം ശക്തിയില്‍ എല്ലാ മേഖലകളിലും മുന്നേറാന്‍ നമുക്ക് കഴിയണം. സ്വാശ്രയത്വം നേടണമെങ്കില്‍ സ്വ എന്തെന്ന് പൂര്‍ണമായും മനസിലാക്കണം, അദ്ദേഹം പറഞ്ഞു. രാംടേക്ക് കവികുലഗുരു കാളിദാസ് സംസ്‌കൃത സര്‍വകലാശാലയുടെ വാറംഗയിലുള്ള അഭിനവ് ഭാരതി ഇന്റര്‍നാഷണല്‍ അക്കാദമിക് കാമ്പസില്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ അന്താരാഷ്‌ട്ര ഗുരുകുലത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ആത്മാഭിമാനമുള്ളിടത്ത് ശക്തിയും ലക്ഷ്മിയും ഉണ്ട്. സ്വാശ്രയത്വം നമ്മളെ ആത്മാഭിമാനികളാക്കും. സ്വാശ്രയരായാല്‍ ശക്തിയും സമൃദ്ധിയും സ്വയം വന്നുചേരും. ഭാരതത്തിന്റെ പാരമ്പര്യം വളരെ പുരാതനമാണ്. പാശ്ചാത്യര്‍ പറയുന്ന ചരിത്രം വിശ്വസിക്കുന്നുവെങ്കില്‍, എ.ഡി 1 മുതല്‍ 1600 വരെ, നമ്മുടെ രാജ്യം ഏറ്റവും സമൃദ്ധമായിരുന്നു. നമ്മള്‍ നമ്മുടെ ആത്മനിര്‍ഭരതയില്‍ ഉറച്ചുനിന്നു. ഇത് മറക്കാന്‍ തുടങ്ങിയപ്പോഴാണ് നമ്മുടെ തകര്‍ച്ച ആരംഭിച്ചത്, വിദേശ ആക്രമണകാരികളുടെ ഇരകളായത്. ബ്രിട്ടീഷുകാര്‍ നമ്മുടെ ബുദ്ധിയെപ്പോലും അടിമപ്പെടുത്താനുള്ള മാര്‍ഗം വികസിപ്പിച്ചെടുത്തു, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാഷ നമ്മുടെ സ്വഭാവം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. നമ്മുടെ ജീവിത ശൈലി ഇതില്‍ നിന്ന് രൂപപ്പെട്ടതാണ്. സംസ്‌കൃതം അറിയുക എന്നാല്‍ ഭാരതത്തെ അറിയുക എന്നാണര്‍ത്ഥം. സംസ്‌കൃതം അറിഞ്ഞാല്‍ ഏത് ഭാഷയും വേഗത്തില്‍ പഠിക്കാനാവും. നമ്മുടെ പാരമ്പര്യവും വികാരങ്ങളും സംസ്‌കൃത ഭാഷയില്‍ നിന്നാണ് പരിണമിച്ചത്. ജീവിതത്തിലത് ഉപയോഗിച്ചാല്‍, സംസ്‌കൃതവും വികസിക്കും. സംസ്‌കൃതത്തില്‍ വാക്കുകളുടെ ഏറ്റവും വലിയ കലവറയുണ്ട്, അത് നിരവധി ഭാഷകള്‍ക്ക് മാതാവാണ്.
നമുക്ക് സംസ്‌കൃതം സംസാരിക്കാന്‍ കഴിയണം. ഇതിന് ഏതെങ്കിലും സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുക്കേണ്ട ആവശ്യമില്ല. സംസ്‌കൃതം എല്ലാ വീടുകളിലും പ്രചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍, വൈസ് ചാന്‍സലര്‍ ഡോ. ഹരേറാം ത്രിപാഠി, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പങ്കജ് ചന്ദെ, ഡോ. ഉമാ വൈദ്യ, ഡയറക്ടര്‍ കൃഷ്ണകുമാര്‍ പാണ്ഡെ എന്നിവര്‍ സന്നിഹിതരായിരുന്നു.