• Sun. Dec 22nd, 2024

24×7 Live News

Apdin News

സംസ്‌കൃത ഭാഷയുടെ അമൃതകാലത്തിനായി…

Byadmin

Dec 22, 2024


കേരളത്തിലെ സംസ്‌കൃത പഠനം ഏതു രീതിയില്‍ പരിശോധിച്ചാലും ഭാരതീയ വിദ്യാഭ്യാസത്തിന് മുതല്‍ക്കൂട്ടാണ്, പ്രേരണയാണ്. ഇന്നും അങ്ങനെ തന്നെയാണ്. ഇതിനു കാരണം ഏതാണ്ട് 80 ശതമാനം ശബ്ദങ്ങളും പ്രത്യയങ്ങളും പ്രയോഗങ്ങളും മാതൃഭാഷയോട് ചേര്‍ന്നു കിടക്കുന്നു എന്നതാണ്. കേരളത്തിലെ പൊതുവിദ്യാലയത്തില്‍ ഒന്നാം ഭാഷയുടെ സ്ഥാനത്താണ് സംസ്‌കൃതം. ഒരു പതിറ്റാണ്ടായി ഒന്നാം തരം മുതല്‍ സംസ്്കൃതം പഠിക്കാന്‍ ഇവിടെ അവസരമുണ്ട്. മൂന്നുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംസ്‌കൃത സര്‍വ്വകലാശാലയുണ്ട്. മറ്റു സമാനമായ കേന്ദ്രീയ സര്‍വ്വകലാശാലകളും സംവിധാനങ്ങളും ഇവിടെയുണ്ട്. ഇതിന്റെയെല്ലാം നടത്തിപ്പിനും പ്രോത്സാഹനത്തിനും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സാമ്പത്തിക സഹായമനുവദിക്കുന്നുമുണ്ട്.

എന്നിട്ടും എന്തുകൊണ്ടാണ് സംസ്‌കൃത പഠനം പ്രോത്സാഹിപ്പിക്കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കേരളത്തില്‍ മാത്രം പ്രതികൂലമായ,നിഷേധാത്മകമായ നടപടികളും വാര്‍ത്തകളും ഉണ്ടാകുന്നു?

സംസ്‌കൃതപാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ വൈകുന്നു ? വിദ്യാലയത്തില്‍ കൃത്യമായി അവ ലഭ്യമാക്കാന്‍ നടപടിയാവുന്നില്ല ? പത്താം ക്ലാസ്സ് മോഡല്‍ പരീക്ഷയുടെ മാതൃകാ- സംസ്‌കൃതം ചോദ്യപേപ്പര്‍ മാത്രം പ്രിന്റ് ചെയ്യാതെ എഴുതി ഫോട്ടോകോപ്പി എടുത്ത് വിതരണം ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നു? അക്കാദമിക വാര്‍ഷിക പരിപാടികള്‍ കൃത്യമായി അദ്ധ്യാപകരിലേക്കും വിദ്യാലയങ്ങളിലേക്കും അറിയാക്കാന്‍ താമസം വരുന്നു? ബജറ്റില്‍ അനുവദച്ച സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നടത്തേണ്ട സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ കൃത്യസമയത്ത് നടപ്പിലാക്കാന്‍ കഴിയുന്നില്ല? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.

സംസ്‌കൃതം പഠിക്കുന്നവര്‍ക്കും,ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കും, പൊതുസമൂഹത്തിനും ഇതിലാശങ്കയുണ്ട്. മാത്രമല്ല ഇത് നിരുത്സാഹജനകമാണ്. അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവണതാണ് .

നിലവിലെ സ്ഥിതി എന്ത്?

പൊതുവിദ്യാലയങ്ങളില്‍ നിര്‍ദ്ദിഷ്ട എണ്ണം വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ സംസ്‌കൃതാദ്ധ്യാപകനെ നിയമിക്കണമെന്ന നിലപാടാണ് കാലാകാലങ്ങളിലായി കേരളത്തിലുള്ളത്. ഇവ കൃത്യമായി പരിശോധിച്ച് കാലതാമസം നേരിടാതെ നടപടിയാവണം. ഈ കാര്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഓഫീസറുണ്ട്. ഇപ്പോള്‍ ഈ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. എസ്‌സിഇആര്‍ടി റിസര്‍ച്ച് ഓഫീസര്‍ സ്ഥാനവും തഥൈവ! സ്‌കോളര്‍ഷിപ്പ് പരീക്ഷയും, കലോത്സത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറും, അധികവായനക്ക് വിദ്യാലയങ്ങളിലേക്ക് സരളസംസ്‌കൃത പുസ്തകങ്ങള്‍ ലഭ്യമാക്കണമെന്നതും, ജില്ല തോറും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നതും പണ്ഡിതരത്‌നം എന്‍.വി.കൃഷ്ണവാര്യര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. വിവിധ ഭാഷാപണ്ഡിതനായ എന്‍.വി സംസ്‌കൃതഭാഷക്കും മാതൃഭാഷയ്‌ക്കും നല്‍കിയ ശാശ്വത പരിഹാരമാര്‍ഗങ്ങള്‍ ഒരു ഭരണകൂടവും വിസ്മരിച്ചുകൂട.

സംസ്‌കൃതം ശാസ്ത്രീയഭാഷ

വിദ്യാഭ്യാസമെന്നാല്‍ ഭാഷാപഠനം മാത്രമല്ല. വിവിധ വിഷയങ്ങളില്‍ വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനുള്ള ഉപാധി മാത്രമാണ് ഭാഷ. ആ നിലക്ക് രണ്ടു ശ്രേഷ്ഠഭാഷകള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ സംസ്ഥാനമാണ് കേരളം. സംസ്‌കൃത ഭാഷയുടെ ‘ശാസ്ത്രീയ’ സമ്പത്ത് സ്വല്പമെങ്കിലും മനസ്സിലാക്കാന്‍ പ്രാഥമിക വിദ്യാലയങ്ങളിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും കഴിഞ്ഞാല്‍ ഉന്നതവിദ്യാഭ്യാസത്തിനേറെ പ്രയോജനപ്പെടും. ഭാരതീയമായ ഏതു ഭാഷകളിലും പ്രാവീണ്യം നേടാന്‍ സംസ്‌കൃതം കൂടിയെ കഴിയൂ. ഇതിനൊക്ക പുറമെ നമ്മുടെ പ്രാചീനവിജ്ഞാനസമ്പത്ത് സംസ്‌കൃതത്തില്‍ നിഹിതമാണ്. സമ്പന്നമായ ഈ പൈതൃകം വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് നിഷേധിക്കപ്പെടാമോ?
ഇത്തരത്തില്‍, നിരുത്സാഹപ്പെടുത്തുന്ന നീക്കം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൂടാ.

സംസ്‌കൃതം മതഭാഷയല്ല

സംസ്‌കൃതത്തിന് വിദ്യാഭ്യാസ പദ്ധതിയില്‍ പുനഃപ്രതിഷ്ഠ ലഭിക്കണമെങ്കില്‍ സംസ്‌കൃതഭാഷയില്‍ സാമാന്യമായ അറിവ് നേടുന്നത് ഓരോ പൗരന്റേയും വ്യക്തിത്വവികാസത്തിന് പ്രയോജനപ്പെടുമെന്ന ദൃഢവിശ്വാസം രക്ഷിതാക്കള്‍ക്കും പൊതു സമൂഹത്തിനും ഉണ്ടാവേണ്ടിയിരിക്കുന്നു. സംസ്‌കൃതം മതഭാഷയല്ല. ഭാരതത്തിലെ സാമാന്യ അറിവുകളുടെയും നിത്യ ജീവിതസംബദ്ധമായ പൊതുവിജ്ഞാനത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷയാണ്. ഹിന്ദുക്കള്‍ക്കെന്നപോലെ അന്യമതക്കാര്‍ക്കും സംസ്‌കൃതഭാഷാപഠനം പ്രയോജനകരമാണ്. അതിനനുകൂലമായ സരളസംസ്‌കൃത കേന്ദ്രങ്ങള്‍ ഗ്രാമഗ്രാമങ്ങളില്‍ ഉണ്ടാവണം .

ബഹുജനങ്ങള്‍ ആഗ്രഹിക്കുന്നതിതാണ്

സംസ്‌കൃതം ഒരു നിര്‍ബ്ബന്ധിത പാഠ്യവിഷയമാക്കണം എന്നു വാദിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ഇന്നത്തെ ഭാരതീയ ജനാധിപത്യ ചിന്താ സംസ്‌കൃതിയുടെ സാഹചര്യത്തില്‍ ഒരു ഭാഷയും നിര്‍ബന്ധ പൂര്‍വ്വം പഠിപ്പിക്കാനോ അങ്ങനെ ആവശ്യപ്പെടാനോ ആവില്ല. ജ്ഞാനഭാഷ എന്ന നിലയില്‍ സംസ്‌കൃതം പഠിക്കാനുള്ള താല്‍പര്യം ബഹുജനങ്ങളില്‍ ഉണര്‍ത്താനാണ് സംസ്‌കൃത പ്രേമികളും അദ്ധ്യാപകരും മറ്റു സംസ്‌കൃതസന്നദ്ധ സംഘടനകളും ചെയ്യേണ്ടത്.

അമൃതകാലത്തിനായി പ്രവര്‍ത്തിക്കാം

ഭാരതത്തില്‍, വിശിഷ്യകേരളത്തില്‍ സംസ്‌കൃതഗവേഷണത്തിലും സംസ്‌കൃത പ്രചാരണത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും സര്‍ക്കാര്‍ – സര്‍ക്കാരിതര സംവിധാനവും അദ്ധ്യാപകരും ഒത്തൊരുമിച്ച് സഹകരിച്ച് മുന്നോട്ട് പോകണം. പ്രതികൂലമായവയോട് കൂട്ടായി പ്രതിഷേധിക്കാനും അനുകൂലമായവയോട് സഹകരിക്കാനും സഹ-സംവദിക്കാനും കഴിഞ്ഞാല്‍ ഒട്ടൊക്കെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ ഈ രംഗത്തുള്ളൂ. അതിനു വേണ്ട ഉത്സാഹവും ആനന്ദവും അദ്ധ്യാപകര്‍ക്കും ഉണ്ടാവുന്ന അമൃതകാലത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.

(വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)

 



By admin