• Wed. Jan 28th, 2026

24×7 Live News

Apdin News

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

Byadmin

Jan 28, 2026



കൊച്ചി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ‍്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും ഓഫിസുകളും ഉൾപ്പടെ 20 കേന്ദ്രങ്ങളിലാണ് റെയ‍്‍ഡ്. ചാവക്കാട് എസ്ഡിപിഐ നേതാവായ ഫാമിസ് അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ഫാമിസ് പിഎഫ്ഐയുടെ മുൻ ജില്ലാ നേതാവാണ്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി.

പാലക്കാട് ശ്രീനിവാസൻ വധക്കേസ്, എൻഐഎ കേസുകൾ എന്നിവയിലാണ് നടപടി. ഈ രണ്ട് കേസുകളിലും ചില പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഇവർ സ്ഥലത്തുണ്ട് എന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്‌ഡ്‌ നടക്കുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്‌ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.

പുലർച്ചെയാണ് റെയ്‌ഡ്‌ ആരംഭിച്ചത്. സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. രഹസ്യമായി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, എറണാകുളം സ്വദേശി മുഹമ്മദ് യാസർ അറാഫത്ത്, പാലക്കാട് സ്വദേശി അബ്ദുൾ റഷീദ്, എറണാകുളം എടവനക്കോട് സ്വദേശി അയൂബ് ടി.എ, മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്ജീൻ കുട്ടി, എറണാകുളം പറവൂർ സ്വദേശി അബ്ദുൾ വഹാബ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മുഹമ്മദ് മൻസൂർ യെമനിലേക്ക് കടന്നതായും സൂചനകളുണ്ട്. പ്രതികൾക്കായി 2024 ൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇവരെ കണ്ടെത്തുന്നവർക്ക് ലക്ഷങ്ങളായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

 

By admin