• Fri. Jun 27th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് അതിശക്തമായ മഴ: ബാണാസുരമലയുടെ താഴ്വാരത്ത് ഗർത്തം : 26 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

Byadmin

Jun 27, 2025


മാനന്തവാടി: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വയനാട്ടിലെ ബാണാസുരമലയുടെ താഴ് വാരത്ത് ഗർത്തം രൂപപ്പെട്ടു. ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നെല്ലിക്കാചാലാണ് ഏകദേശം നാല് മീറ്ററിലധികം വ്യാസവും അത്ര തന്നെ ആഴവുമുള്ള കുഴി രൂപപ്പെട്ടത്.

മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ഇതിന് സമീപത്തെ ആദിവാസി ഉന്നതിയിലെ 26 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.പ്രദേശത്ത് വിശദമായ പരിശോധന നടത്താനായി ഇന്ന് വിദഗ്ധ സംഘമെത്തും.പുളിഞ്ഞാല്‍ സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്.

ബാണാസുര മലയുടെ പരിസര പ്രദേശങ്ങളില്‍ ചില ഭാഗം പരിസ്ഥിതി ദുര്‍ബല മേഖലയാണ്. നിര്‍മാണ പ്രവൃത്തികള്‍ക്കടക്കം ഇവിടെ നിയന്ത്രണങ്ങള്‍ ഉണ്ട്. അതിനിടെ പെരിഞ്ചേരിമലയില്‍ വീടുകള്‍ക്ക് സമീപം ഉടലെടുത്ത ശക്തമായ ഉറവയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെയുള്ള ഏഴ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി സുരക്ഷിതരാക്കി. മഴ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

 



By admin