തുടര്‍ച്ചയായ കനത്ത മഴയും ഇടിമിന്നലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍, മാള പുത്തന്‍ചിറയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കിഴക്കുംമുറി സ്വദേശിയായ സ്റ്റീഫന്റെ വീടിന്റെ മേല്‍ക്കൂരക്കും ചുമരിനും വിള്ളലുകള്‍ ഉണ്ടായി. വീടിന്റെ മീറ്റര്‍ ബോര്‍ഡും വൈദ്യുത ഉപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചു. സമീപത്തെ വീടുകള്‍ക്കും ചെറിയ തോതില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാള പള്ളിപ്പുറത്ത് തെങ്ങ് വീണുണ്ടായ അപകടത്തില്‍ ഒരു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. താണികാട് തൈവളപ്പില്‍ സിറാജിന്റെ ഓട് മേഞ്ഞ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണതിനെ തുടര്‍ന്ന് മേല്‍ക്കൂരയും വാഷിംഗ് മെഷീനും അടുക്കള ഉപകരണങ്ങളും തകര്‍ന്നു. സിറാജ്, സഹോദരന്‍ സുരാജ്, ഭാര്യ ഷാജിത, മക്കള്‍ ശിഹാബ്, ഷാനവാസ് എന്നിവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
കണ്ണൂരിലെ ചെറുപുഴയിലും ശക്തമായ മഴ മൂലം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മതിലുകള്‍ തകര്‍ന്നു വീണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളത്ത്, കൊച്ചി, അങ്കമാലി, ആലുവ എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും വെള്ളക്കെട്ടും ഗുരുതരമായി അനുഭവപ്പെട്ടു. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയെ തുടര്‍ന്നു ഗതാഗതക്കുരുക്കും പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇടിമിന്നലില്‍ ഇലഞ്ഞി കൊല്ലകെമ്പിലെ ഗോപിനാഥന്റെ വീട് ഭാഗികമായി തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങളും വയറിംഗും പൂര്‍ണ്ണമായി കത്തി നശിച്ചു. ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.